രാഹുൽ ഗാന്ധി
file image
ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച അന്വേഷണത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ആശ്വാസം. ആരോപണങ്ങൾ പരിശോധിക്കാൻ സിബിഐക്കും എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിനും (ഇഡി) നിർദേശം നൽകിയ അലഹാബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
ബിജെപി പ്രവർത്തകനായ വിഘ്നേഷ് ശിശിർ നൽകിയ ഹർജി, നിയമസാധുത ഉൾപ്പെടെ വീണ്ടും പരിഗണിക്കാൻചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു. ഹൈക്കോടതി നിർദേശപ്രകാരം സിബിഐയോ ഇഡിയോ നിലവിൽ ഒരു റിപ്പോർട്ടും സമർപ്പിക്കരുതെന്നു സുപ്രീം കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
തനിക്കെതിരായ പരാതിയിലെ പുരോഗതി അറിയിക്കാൻ സിബിഐ അഴിമതി വിരുദ്ധ വിഭാഗം ജോയിന്‍റ് ഡയറക്റ്റർ നേരിട്ട് സത്യവാങ്മൂലം നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണു രാഹുൽ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്. രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ചും ഇതേ ഹർജിക്കാരൻ നേരത്തേ കോടതിയെ സമീപിച്ചിരുന്നു.