എം.കെ. സ്റ്റാലിൻ
ചെന്നൈ: ഡൽഹിയിലെ ജന്തർ മന്തറിൽ സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന് പിന്തുണയുമായി ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. വിയോജിപ്പ് കുറ്റമല്ലെന്നും ജനാധിപത്യം സംരക്ഷിക്കാൻ മുന്നോട്ടുവരുന്നവരെ നിശബ്ദരാക്കിയാൽ ജനാധിപത്യത്തിന് നിലനിൽക്കാനാകില്ലെന്നും അദ്ദേഹം ശനിയാഴ്ച പറഞ്ഞു.
ഡൽഹിയിൽ അരങ്ങേറുന്ന സംഭവങ്ങളും സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരേ വ്യാപകമായ അടിച്ചമർത്തൽ നടപടികൾ സ്വീകരിക്കുന്നതും 1975-77 കാലത്തെ അടിയന്തരാവസ്ഥയുടെ വേദനാജനകമായ ഓർമകളാണ് ഉണർത്തുന്നതെന്ന് സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു.
ഡൽഹിയിലും രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലും കസ്റ്റഡിയിലെടുത്ത രാഷ്ട്രീയ നേതാക്കളെയും വിദ്യാർഥികളെയും യുവ പ്രതിഷേധക്കാരെയും ഉടൻ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരേ പൊലീസ് അടിച്ചമർത്തൽ നടപടികൾ സ്വീകരിക്കുന്നതായും സ്റ്റാലിൻ ആരോപിച്ചു.
ജനാധിപത്യപരമായ പ്രതിഷേധാവകാശം വിനിയോഗിക്കുന്ന യുവാക്കൾക്കെതിരായ നടപടികൾ കേന്ദ്ര സർക്കാർ ഉടൻ അവസാനിപ്പിക്കണം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി അനിവാര്യമാണ്. രാജിക്ക് പുറമെ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ സ്ഥാപനപരമായ ഘടനയ്ക്ക് സംഭവിച്ച നാശനഷ്ടങ്ങൾ പരിഹരിക്കുകയും കമ്മിഷന്‍റെ സ്വാതന്ത്ര്യവും വിശ്വാസ്യതയും പുനഃസ്ഥാപിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാ സഖ്യത്തിന്‍റെ നേതൃത്വത്തിലുള്ള നീക്കങ്ങളിൽ നിന്ന് ഡിഎംകെ അകലം പാലിക്കുകയാണെങ്കിലും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പാർലമെന്‍റിലെ നീക്കങ്ങളെയും പിന്തുണയ്ക്കുമെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.