തമിഴ്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മരുന്നിന്‍റെ ഉപയോഗക്രമം ഉൾപ്പെടെയുള്ള വിവരങ്ങൾ അച്ചടിച്ച കവർ

 
India

ഭാഷാ വിവാദം; തമിഴ്നാട്ടിലെ ആശുപത്രികളിൽ ഹിന്ദി അച്ചടിച്ച മരുന്ന് കവറിന്‍റെ വിതരണം നിർത്തി

തമിഴ്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മരുന്നിന്‍റെ ഉപയോഗക്രമം ഉൾപ്പെടെയുള്ള വിവരങ്ങൾ അച്ചടിച്ച കവറുകൾ സർക്കാർ ആശുപത്രികളിലെത്തിയതോടെയാണ് രാഷ്ട്രീയ വിവാദത്തിന് തുടക്കമായത്

Sarath Nath MS

കോയമ്പത്തൂർ: ഹിന്ദി അച്ചടിച്ച മരുന്ന് കവറുകളെച്ചൊല്ലി ഭാഷാ വിവാദം രൂക്ഷമായതോടെ തമിഴ്നാട്ടിലെ കോയമ്പത്തൂരിലെയും കരൂരിലെയും സർക്കാർ ആശുപത്രികളിൽ ത്രിഭാഷാ മരുന്ന് കവറുകളുടെ വിതരണം നിർത്തിവച്ചു. തമിഴ്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മരുന്നിന്‍റെ ഉപയോഗക്രമം ഉൾപ്പെടെയുള്ള വിവരങ്ങൾ അച്ചടിച്ച കവറുകൾ സർക്കാർ ആശുപത്രികളിലെത്തിയതോടെയാണ് രാഷ്ട്രീയ വിവാദത്തിന് തുടക്കമായത്.

കരൂർ സർക്കാർ ആശുപത്രിയിൽ വിതരണം ചെയ്ത മരുന്ന് കവറുകളുടെ ചിത്രങ്ങൾ ഡിഎംകെ നേതാവ് ടി.ആർ.ബി. രാജ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിവാദം ശക്തമായത്. സർക്കാർ ആശുപത്രികളുടെ ശൃംഖലയിലും രഹസ്യമായി ത്രിഭാഷാ നയം നടപ്പാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. “തമിഴ്നാട്ടിലെ ആശുപത്രികളിലും ത്രിഭാഷാ നയം നടപ്പാക്കുന്നതായി തോന്നുന്നു. ആദ്യം കരൂർ. ഇപ്പോൾ കോയമ്പത്തൂരിലും ഇതേ സാഹചര്യം”- മുൻമന്ത്രി എക്‌സിൽ കുറിച്ചു.

എന്നാൽ വിവാദമായ മരുന്ന് കവറുകൾ പുതുതായി വാങ്ങിയതല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ചിന്താമണി സഹകരണ സംഘത്തിന്‍റെ നേതൃത്വത്തിൽ സ്പോൺസർഷിപ്പിലൂടെ അച്ചടിച്ച കവറുകൾ 18 മാസത്തിലേറെയായി തുടർച്ചയായി ഉപയോഗിച്ചുവരുന്നതാണെന്നും അധികൃതർ പറഞ്ഞു. മുൻ ഭരണകാലത്തും ഇവ ഉപയോഗിച്ചിരുന്നതായി അവർ വ്യക്തമാക്കി. ത്രിഭാഷാ കവറുകളുടെ വിതരണം തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അവയുടെ വിതരണം ഉടൻ നിർത്താൻ നിർദേശം നൽകിയതായും ആശുപത്രി അധികൃതർ അറിയിച്ചു.