Narendra modi
file image
ന്യൂഡൽഹി: രാജ്യത്തിന്‍റെ സമ്പർക്കവലയങ്ങൾക്കപ്പുറം വലിയൊരു സാമ്പത്തിക വളർച്ച കൈവരിച്ചതിന്‍റെ ആഹ്ലാദത്തിലാണ് ഇന്ത്യ! എന്നാൽ ഈ സന്തോഷത്തിനിടയിലും രാജ്യത്തെ പൗരൻമാരുടെ കീശ ചോരാതിരിക്കാൻ ഒരു ചെറിയ 'സ്നേഹോപദേശവുമായി' എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെൽഫി സ്റ്റൈലിൽ പുറത്തുവിട്ട വിഡിയൊ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഈ കൗതുകകരമായ ആഹ്വനം നടത്തിയിരിക്കുന്നത്.
നടപ്പുവർഷത്തെ ആദ്യ പാദത്തിൽ (Q1) രാജ്യം 7.8 ശതമാനം സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയെന്ന അഭിമാനകരമായ വാർത്ത പങ്കുവച്ചുകൊണ്ടാണ് മോദി തന്‍റെ സന്ദേശം ആരംഭിച്ചത്. ലോകമെമ്പാടും യുദ്ധങ്ങളും പ്രതിസന്ധികളും വിതരണ ശൃംഖലയിലെ തടസങ്ങളും അലയടിക്കുമ്പോഴും ഇന്ത്യ ഈ കരുത്തുറ്റ വളർച്ച നേടിയത് രാജ്യത്തിന്‍റെ കൂട്ടായ അധ്വാനത്തിന്‍റെ ഫലമാണെന്ന് അദ്ദേഹം അഭിനന്ദിച്ചു.
ആഘോഷങ്ങൾ ആഡംബരമാകുമ്പോൾ കരുതലോടെയിരിക്കാൻ ഓർമിപ്പിച്ചുകൊണ്ട്, ആവശ്യമില്ലാതെ സ്വർണം വാങ്ങിക്കൂട്ടുന്നതും വിദേശങ്ങളിൽ പോയി അവധിക്കാലം ആഘോഷിക്കുന്നതും വിദേശത്ത് വച്ച് വിവാഹം നടത്തുന്നതുമെല്ലാം ഒന്നു കുറയ്ക്കണമെന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചു.
പണം നാട്ടിൽ തന്നെ ചെലവഴിക്കുന്നതിലൂടെ രാജ്യത്തിന്‍റെ സ്വയംപര്യാപ്തത വർധിപ്പിക്കാനാകുമെന്നും, സ്വദേശി ഉത്പന്നങ്ങൾക്കു കൂടുതൽ പ്രാധാന്യം കിട്ടുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
രാജ്യത്തിന്‍റെ സാമ്പത്തിക കുതിപ്പിനൊപ്പം ലളിതമായ ആഘോഷങ്ങളിലൂടെ കരുത്തരാകാൻ ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രിയുടെ ഈ സന്ദേശം ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.