എസ്ഐആർ: വിവാദ സത്യവാങ്മൂലം ഭാഗികമായി പിൻവലിച്ച് തെരഞ്ഞെടുപ്പു കമ്മിഷൻ

 
India

എസ്ഐആർ: വിവാദ സത്യവാങ്മൂലം ഭാഗികമായി പിൻവലിച്ച് തെരഞ്ഞെടുപ്പു കമ്മിഷൻ

ഒക്റ്റോബർ 2 മുതൽ സിജെപി പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഭാഗികമായി മാറ്റം വരുത്താൻ കമ്മിഷൻ തയാറായിരിക്കുന്നത്

നീതു ചന്ദ്രൻ

ന്യൂഡൽഹി: വിവാദങ്ങൾക്കിടെ എസ്ഐആറുമായി ബന്ധപ്പെട്ട സത്യവാങ്മൂലം ഫോം 6ൽ നിന്ന് ഭാഗികമായി പിൻവലിച്ച് തെരഞ്ഞെടുപ്പു കമ്മിഷൻ. എസ്ഐആർ പൂർത്തിയാക്കിയ സംസ്ഥാനങ്ങളിൽ നിന്നാണ് സത്യവാങ്മൂലം പിൻവലിച്ചിരിക്കുന്നത്. പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നയാളുടെ മാതാപിതാക്കളോ, മുത്തച്ഛനോ മുത്തശ്ശിയോ പഴയ എസ്ഐആർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നു വ്യക്തമാക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രസ്താവനയാണ് പിൻവലിച്ചിരിക്കുന്നത്. അതേ സമയം എസ്ഐആർ നടന്നു കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇസിഐഎൻഇടി പോർട്ടലിൽ ഈ പ്രസ്താവന ലഭ്യമാണ്.

ഫോം6 ൽ ഈ ചോദ്യം ഉൾപ്പെടുത്തിയതിൽ കമ്മിഷനിലെ രണ്ട് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെന്നും എന്നാൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഈ വിയോജിപ്പ് കണക്കിലെടുത്തില്ലെന്നുമുള്ള റിപ്പോർട്ട് അടുത്തിടെയാണ് പുറത്തു വന്നത്.

തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജി വക്കണമെന്ന ആവശ്യവും സജീവമാണ്. രാജി വയ്ക്കാത്ത പക്ഷം ഒക്റ്റോബർ 2 മുതൽ സിജെപി പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഭാഗികമായി മാറ്റം വരുത്താൻ കമ്മിഷൻ തയാറായിരിക്കുന്നത്. എസ്ഐആർ നടക്കുന്ന പ്രദേശങ്ങളിൽ മാത്രമേ ഈ പ്രസ്താവനയുടെ ആവശ്യമുള്ളൂ എന്ന് കമ്മിഷൻ അംഗങ്ങൾ തീരുമാനിച്ചിരുന്നു.