മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ, കമ്മിഷണർമാരായ ഡോ. സുഖ്‌ബീർ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർക്കൊപ്പം.
ന്യൂ ഡൽഹി: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി (SIR) ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി തെരഞ്ഞെടുപ്പ് കമ്മിഷണർമാർ. രാജ്യവ്യാപകമായി നടപ്പിലാക്കിയ എസ്‌ഐആർ ഉൾപ്പെടെയുള്ള എല്ലാ സുപ്രധാന തീരുമാനങ്ങളും കമ്മീഷന്‍റെ ഏകകണ്ഠമായ അനുമതിയോടെയാണ് എടുത്തതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ശനിയാഴ്ച വ്യക്തമാക്കി.
ബിഹാറിലും പശ്ചിമ ബംഗാളിലും തുടങ്ങി രാജ്യത്തുടനീളം എസ്‌ഐആർ നടപ്പിലാക്കാൻ 2025 ജൂൺ 24-നും പിന്നീട് വിവിധ ഘട്ടങ്ങളിലുമായി പുറത്തിറക്കിയ ഉത്തരവുകൾ കമ്മിഷൻ അംഗങ്ങളുടെ സമ്പൂർണ സമ്മതത്തോടെയാണെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഈ ഉത്തരവുകൾ 2026 മെയ് 27-ന് സുപ്രീം കോടതി ശരിവച്ചിട്ടുള്ളതുമാണ്.
നടപടികളിൽ വോട്ടർമാർക്കുള്ള ബുദ്ധിമുട്ടുകൾ ലഘുവാക്കാൻ പുതിയ ഇളവുകളും കമ്മിഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. വിവരങ്ങളിൽ പൊരുത്തക്കേടുകളുള്ളതിനാൽ നോട്ടീസ് ലഭിക്കുന്ന വോട്ടർമാർ ഇനി മുതൽ ഇലക്റ്ററൽ രജിസ്ട്രേഷൻ ഓഫിസർക്കു (ERO) മുന്നിൽ നേരിട്ട് ഹാജരാകേണ്ടതില്ല. ബൂത്ത് ലെവൽ ഓഫിസർമാർ (BLO) നേരിട്ട് വോട്ടർമാരുടെ വീടുകളിലെത്തി രേഖകൾ ശേഖരിച്ച് ഓൺലൈനായി (ECINet) അപ്‌ലോഡ് ചെയ്യും. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ഓൺലൈനായി തെളിവെടുപ്പ് നടത്തുകയുള്ളൂ.
ഡൽഹി, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടിയിട്ടുണ്ട്. ഡൽഹിയിൽ ഒക്റ്റോബർ 30 വരെയും മഹാരാഷ്ട്രയിൽ ഒക്റ്റോബർ 12 വരെയും ഇതിനായി സമയം അനുവദിച്ചു. കൂടാതെ കിടപ്പാടമില്ലാത്തവർക്കും തൊഴിലാളികൾക്കുമായി പ്രത്യേക ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
കമ്മിഷന്‍റെ ഐടി വിഭാഗവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഓഫിസർമാരുടെ ചുമതലകളിലും തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്നും, കമ്മിഷന്‍റെ എല്ലാ പ്രവർത്തനങ്ങളും നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടുതന്നെയാണ് മുന്നോട്ടുപോകുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.