എസ്‌ഐആർ സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ

 
India

എസ്‌ഐആർ സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ; അന്തിമ വോട്ടർപട്ടിക നവംബർ 30നും ഡിസംബർ 22നും

ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർ നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സമയപരിധി നീട്ടിയത്

Sarath Nath MS

ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്‌ഐആർ) നടപടികളുടെ സമയപരിധി ഡൽഹിയിലും അഞ്ച് സംസ്ഥാനങ്ങളിലും നീട്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, ഹരിയാന, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ അന്തിമ വോട്ടർപട്ടിക നവംബർ 30ന് പ്രസിദ്ധീകരിക്കും. ഡൽഹിയിലെ അന്തിമ പട്ടിക ഡിസംബർ 22ന് പ്രസിദ്ധീകരിക്കാനാണ് പുതുക്കിയ തീരുമാനം. ഒക്റ്റോബർ 29ന് പുറത്തിറക്കിയ പ്രത്യേക ഉത്തരവുകളിലൂടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ സമയക്രമം പുതുക്കിയത്.

മഹാരാഷ്ട്രയിൽ വോട്ടർപട്ടിക സംബന്ധിച്ച അവകാശവാദങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള അവസാന തീയതി ഒക്റ്റോബർ 26ൽ നിന്ന് നവംബർ 13ലേക്ക് നീട്ടി. നോട്ടീസുകൾ നൽകുന്നതിനും പരാതികളും തർക്കങ്ങളും പരിശോധിച്ച് തീർപ്പാക്കുന്നതിനുമുള്ള സമയപരിധി നവംബർ 25 വരെയാക്കി. അന്തിമ വോട്ടർപട്ടിക നവംബർ 30ന് പ്രസിദ്ധീകരിക്കും.

ആന്ധ്രാപ്രദേശിലും ഹരിയാനയിലും പരാതികളും ആക്ഷേപങ്ങളും സംബന്ധിച്ച നടപടികൾ നവംബർ 20നകം പൂർത്തിയാക്കും. നാഗാലാൻഡിൽ നവംബർ 25 വരെയും തെലങ്കാനയിൽ നവംബർ 26 വരെയുമാണ് ഇതിനുള്ള സമയപരിധി. ഈ നാല് സംസ്ഥാനങ്ങളിലെയും അന്തിമ വോട്ടർപട്ടിക നവംബർ 30ന് പുറത്തിറക്കും.

ഡൽഹിയിൽ വോട്ടർപട്ടിക സംബന്ധിച്ച അവകാശവാദങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയം ഒക്റ്റോബർ 30ൽ നിന്ന് നവംബർ 25ലേക്ക് നീട്ടി. നോട്ടീസുകൾ നൽകുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമുള്ള അവസാന തീയതി ഡിസംബർ 15 ആക്കി. അന്തിമ വോട്ടർപട്ടിക ഡിസംബർ 22ന് പ്രസിദ്ധീകരിക്കും.

പുതുക്കിയ സമയക്രമം പൊതുജനങ്ങളെ അറിയിക്കാനും അർഹരായ വോട്ടർമാർക്ക് പട്ടികയിൽ പേരുചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും മതിയായ സമയം ഉറപ്പാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കമ്മിഷൻ നിർദേശം നൽകി. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വോട്ടേഴ്സ് സർവീസ് പോർട്ടലിനെ സമീപിക്കാം.

ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർ നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സമയപരിധി നീട്ടിയത്. മെയ് 14നാണ് 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി എസ്‌ഐആറിന്‍റെ മൂന്നാംഘട്ട നടപടികൾ തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചത്.