മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ പങ്കെടുക്കാനിരുന്ന ഉത്തർപ്രദേശിലെ രണ്ട് പൊതുപരിപാടികൾ തെരഞ്ഞെടുപ്പ് കമ്മിഷൻ മാറ്റിവച്ചു. ഇലക്ടറൽ ലിറ്ററസി ക്ലബ് പ്രാദേശിക സമ്മേളനങ്ങളാണ് മാറ്റിവച്ചത്.
വെള്ളിയാഴ്ച മീററ്റിൽ യുവ വോട്ടർമാരുമായി സംവദിക്കുന്ന പരിപാടിയും സെപ്റ്റംബർ 28ന് വാരാണസിയിൽ ജെൻ-സി വിഭാഗവുമായി നടത്താനിരുന്ന സമാന പരിപാടിയുമാണ് മാറ്റിവച്ചത്. നിലവിലെ വിവാദവുമായി പരിപാടികൾ മാറ്റിവച്ചതിന് ബന്ധമില്ലെന്ന് പേര് വെളിപ്പെടുത്താത്ത തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. സെപ്റ്റംബർ 21ന് തന്നെ പരിപാടികൾ മാറ്റിവയ്ക്കാനുള്ള തീരുമാനം എടുത്തിരുന്നെന്നും അന്നുതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. വേദികളുടെ ലഭ്യത, ഉന്നത ഉദ്യോഗസ്ഥരുടെ സമയക്രമം, പ്രകൃതിസാഹചര്യങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾ കണക്കിലെടുത്താണ് പരിപാടികളുടെ തീയതികളിൽ മാറ്റം വരുത്തുന്നത്. ഹിമാചൽ പ്രദേശ്, ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും മുൻപ് ഇത്തരം ഇലക്ടറൽ ലിറ്ററസി ക്ലബ് സമ്മേളനങ്ങൾ മാറ്റിവയ്ക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് കമ്മിഷനിലെ അംഗങ്ങളായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവർ കഴിഞ്ഞ പത്ത് മാസത്തിനിടെ വോട്ടർമാരുടെ പേരുകൾ ചേർക്കൽ, നീക്കം ചെയ്യൽ, പുനഃസ്ഥാപിക്കൽ തുടങ്ങിയ വിഷയങ്ങളിലെ കമ്മിഷന്‍റെ തീരുമാനങ്ങൾക്കെതിരേ കുറഞ്ഞത് 14 തവണ എതിർപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പരിപാടികൾ മാറ്റിവച്ചത്. എന്നാൽ എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായാണ് എടുത്തതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയത്.
സ്കൂളുകളിലും കോളെജുകളിലും തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന വോട്ടർ വിദ്യാഭ്യാസ സംരംഭമാണ് ഇലക്ടറൽ ലിറ്ററസി ക്ലബുകൾ. രജിസ്ട്രേഷൻ, വോട്ടെടുപ്പ്, വോട്ടെണ്ണൽ, തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഭരണഘടനാപരമായ പങ്ക് തുടങ്ങിയ വിഷയങ്ങൾ യുവാക്കളെയും ആദ്യമായി വോട്ട് ചെയ്യുന്നവരെയും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. 2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇലക്ടറൽ ലിറ്ററസി ക്ലബ് പരിപാടി ഇപ്പോൾ സംഘടിപ്പിക്കുന്നത്.