തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കണം; ജാമിയ വിദ്യാർഥികളുടെ സമരം 16ാം ദിവസവും തുടരുന്നു
ന്യൂഡൽഹി: ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരം 16ാം ദിവസവും തുടരുന്നു. യൂണിയന്റെ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ച് 15 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തുമെന്ന് സർവകലാശാല അറിയിച്ചെങ്കിലും സമരം അവസാനിപ്പിക്കാൻ വിദ്യാർഥികൾ തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പിന് കൃത്യമായ തീയതി പ്രഖ്യാപിക്കണമെന്നും ഭരണഘടനയ്ക്ക് അംഗീകാരം നൽകുന്നതിനുള്ള സമയപരിധി നിശ്ചയിക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. 2006നുശേഷം സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.
തിങ്കളാഴ്ചയാണ് യൂണിയന്റെ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ച് 15 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തുമെന്ന് വ്യക്തമാക്കുന്ന ഉത്തരവ് സർവകലാശാല പുറത്തിറക്കിയത്. സമരത്തിനിടെ വിദ്യാർഥികൾക്കെതിരേ പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവുകളും കാരണം കാണിക്കൽ നോട്ടീസുകളും പിൻവലിക്കാനും സമരത്തിനിടെ സുരക്ഷാ ജീവനക്കാരുടെ പെരുമാറ്റം അന്വേഷിക്കാൻ സമിതി രൂപീകരിക്കാനും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഭരണഘടനയ്ക്ക് അംഗീകാരം നൽകുന്നതിനുള്ള സമയപരിധി വ്യക്തമാക്കാത്തത് തീരുമാനത്തിലെ പോരായ്മയാണെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.
സമരത്തിനിടെ സർവകലാശാലാ ഭരണകൂടത്തിനെതിരേ അപകീർത്തികരമായ പ്രസ്താവനകളും നടപടികളും സമൂഹ മാധ്യമ പോസ്റ്റുകളും നടത്തിയതിന് വിദ്യാർഥികൾ വാർത്താസമ്മേളനത്തിലൂടെ പരസ്യമായി മാപ്പുപറയാൻ സമ്മതിച്ചതായും സർവകലാശാലയുടെ ഉത്തരവിൽ പറയുന്നു. ഇത്തരം പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യണമെന്നും ഉത്തരവ് പുറത്തിറക്കുന്നതോടെ സമരം അവസാനിപ്പിക്കണമെന്നുമാണ് നിർദേശം.
തിങ്കളാഴ്ച ക്യാംപസിൽ സുരക്ഷ ശക്തമാക്കിയതിനെ തുടർന്ന് സമരക്കാരും അർധസൈനിക വിഭാഗം ഉദ്യോഗസ്ഥരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഭരണകൂടത്തിനെതിരേ മുദ്രാവാക്യം വിളിച്ച വിദ്യാർഥികളെ സർവകലാശാലയ്ക്കുള്ളിലേക്ക് പ്രവേശിക്കാൻ പൊലീസ് അനുവദിച്ചില്ല. സംഘർഷസാധ്യത കണക്കിലെടുത്ത് എല്ലാ കോഴ്സുകളിലെയും ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയിരുന്നു.