മൂന്ന് സംസ്ഥാനങ്ങളിലായി 12 രാജ്യസഭാ സീറ്റുകളിലേക്ക് ഒക്റ്റോബറിൽ തെരഞ്ഞെടുപ്പ്

 
India

മൂന്ന് സംസ്ഥാനങ്ങളിലായി 12 രാജ്യസഭാ സീറ്റുകളിലേക്ക് ഒക്റ്റോബറിൽ തെരഞ്ഞെടുപ്പ്

ഒക്റ്റോബർ ആറ് വരെ നാമനിർദേശ പത്രിക സമർപ്പിക്കാമെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു

MV Desk

ന്യൂഡൽഹി: ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലായി 12 രാജ്യസഭാ സീറ്റുകളിലേക്ക് ഒക്റ്റോബർ 16ന് തെരഞ്ഞെടുപ്പ്. ഈ മാസം 28ന് വിജ്ഞാപനം. ഒക്റ്റോബർ ആറ് വരെ നാമനിർദേശ പത്രിക സമർപ്പിക്കാമെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ.

തെരഞ്ഞെടുപ്പു നടക്കുന്ന 12 സീറ്റുകളിൽ പത്തും ഉത്തർപ്രദേശിലാണ്. ഇതിൽ എട്ടും ബിജെപി നേടിയേക്കും. അവശേഷിക്കുന്ന രണ്ടു സീറ്റുകൾ സമാജ്‌വാദി പാർട്ടിക്കു ലഭിക്കും. ഇതോടെ, മായാവതിയുടെ ബിഎസ്പിക്ക് പാർലമെന്‍റിൽ പ്രാതിനിധ്യമില്ലാതാകും. ലോക്സഭയിൽ നേരത്തേ തന്നെ പാർട്ടി ഇല്ലാതായിരുന്നു. ഏക എംഎൽഎ ഉമാ ശങ്കർ സിങ് മരിച്ചതോടെ യുപി നിയമസഭയിലും ബിഎസ്പിക്ക് പ്രാതിനിധ്യമില്ല.

കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി, അരുൺ സിങ്, ഗീത ശാക്യ, നീരജ് ശേഖർ, ബ്രിജ്‌ലാൽ, ബി.എൽ. വർമ, സീമ ദ്വിവേദി, ദിനേശ് ശർമ. ബിഎസ്പിയുടെ രാംജി ഗൗതം, എസ്പിയുടെ രാം ഗോപാൽ യാദവ് തുടങ്ങിയവരുടെ രാജ്യസഭാ കാലാവധി പൂർത്തിയായ ഒഴിവിലാണു തെരഞ്ഞെടുപ്പ്.

ഹർദീപ് സിങ് പുരി മന്ത്രിസ്ഥാനത്തു തുടരാൻ രാജ്യസഭാംഗത്വം വീണ്ടും നൽകേണ്ടതുണ്ട്. ദിനേശ് ശർമ ആൻഡമാൻ നിക്കോബാർ ലെഫ്റ്റനന്‍റ് ഗവർണറായി ചുമതലയേറ്റതിനാൽ വീണ്ടും മത്സരിക്കില്ല. നിയമസഭയിൽ ബിജെപിക്കും സഖ്യകക്ഷികൾക്കും കൂടി 290 സീറ്റുകളുണ്ട്. എസ്പിക്കും കോൺഗ്രസിനും കൂടി 103 സീറ്റുകളാണുള്ളത്.

പശ്ചിമ ബംഗാളിൽ തൃണമൂൽ എംപിയും നടിയുമായ രുക്മിണി മല്ലിക്കിന്‍റെ രാജിയെത്തുടർന്നാണ് തെരഞ്ഞെടുപ്പ്. ഉത്തരാഖണ്ഡിൽ ബിജെപി എംപി നരേഷ് ബൻസാൽ വിരമിക്കുന്നതിനെത്തുടർന്നാണു തെരഞ്ഞെടുപ്പു വേണ്ടിവന്നത്. ഇരു സംസ്ഥാനങ്ങളിലും ബിജെപിക്ക് ജയമുറപ്പ്.

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 31 വർഷം കഠിനതടവും 82,000 രൂപ പിഴയും

നാഷണൽ ഹെറാൾഡ് കേസ്; ഇഡി ഹർജിയിൽ വാദം കേൾക്കാൻ ഡൽഹി ഹൈക്കോടതി

കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളി പ്രമേയം പാസാക്കി കർണാടക നിയമസഭ; റിപ്പോർട്ടിലെ പോരായ്മകൾ പരിഹരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യം

ഡൽഹി കലാപ കേസ്; ഷർജീൽ ഇമാമിന് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം