രൺധീർ ജയ്സ്വാൾ

 
India

ഇന്ത‍്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം; യുഎസിലെ ഹിന്ദു ക്ഷേത്ര ആക്രമണ കേസിൽ വിദേശകാര‍്യ മന്ത്രാലയം

ഇത് തങ്ങൾക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന കാര‍്യമാണെന്ന് വിദേശകാര‍്യ മന്ത്രാലയ വക്താവ് രൺ‌ധീർ ജയ്സ്വാൾ പറഞ്ഞു

Aswin AM

ന‍്യൂഡൽഹി: അമെരിക്കയിലെ ഇല്ലിനോയിയിലെ അറോറയിലുള്ള ഹിന്ദു ക്ഷേത്രം 19കാരൻ ആക്രമിക്കാൻ ശ്രമിച്ചെന്ന മാധ‍്യമവാർത്തകൾ പുറത്തുവന്നതിനു പിന്നാലെ ഇന്ത‍്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യുഎസിനോട് ആവശ‍്യപ്പെട്ട് ഇന്ത‍്യ. ഇത് തങ്ങൾക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന കാര‍്യമാണെന്ന് വിദേശകാര‍്യ മന്ത്രാലയ വക്താവ് രൺ‌ധീർ ജയ്സ്വാൾ പറഞ്ഞു.

ഇന്ത‍്യൻ സമൂഹത്തെ സംരക്ഷിക്കാൻ ആവശ‍്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു. പാലറ്റെൻ സ്വദേശിയായ അലക്സാൻഡ്രോസ് പപോരാകിസ് എന്നയാളെയാണ് ക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ടതിന് ഒക്റ്റോബർ 11ന് പൊലീസ് പിടികൂടിയത്.

അലക്സാൻഡ്രോസ് പപോരാകിസ്

തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒരു കൂട്ടക്കൊലപാതകമായിരുന്നു ഇയാളുടെ ലക്ഷ‍്യം. സഹപ്രവർത്തകരോട് ഇയാൾ ഇക്കാര‍്യം പങ്കുവച്ചിരുന്നു. വെള്ളക്കാരുടെ മേധാവിത്വവാദിയായ നവ നാസിയാണെന്നാണ് ഇയാൾ സ്വയം വിശേഷിപ്പിക്കുന്നത്.

ആക്രമണ പദ്ധതി വിശദീകരിക്കുന്ന എട്ട് പേജുകൾ അടങ്ങിയ പ്രകടനപത്രികയും ഇയാൾ സഹപ്രവർത്തകന് അയച്ചിരുന്നു. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സീരിയൽ നമ്പറില്ലാത്ത തോക്കുകൾ, മാഗസിനുകൾ, വെടിയുണ്ടകൾ, നാസി ചിഹ്നങ്ങളുള്ള ടാക്റ്റിക്കൽ വെസ്റ്റ് എന്നിവയും കണ്ടെടുത്തിരുന്നു.