മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ജ്ഞാനേഷ് കുമാർ
തെരഞ്ഞെടുപ്പു കമ്മിഷണർ ജ്ഞാനേഷ് കുമാറിനും സ്പെഷ്യൽ ഇന്‍റൻസീസ് റിവിഷനും (എസ്ഐആർ) എതിരേ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ജ്ഞാനേഷ് കുമാർ രാജി വയ്ക്കണമെന്ന ആവശ്യം കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളെല്ലാം ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു കമ്മിഷണർമാരായ സുഖ്ബീർ സിഭ് സന്ധുവും വിവേക് ജോഷിയും എസ്ഐആർ അടക്കമുള്ള വിഷയങ്ങളിൽ പല തവണ ഔദ്യോഗികമായി എതിർപ്പ് രേഖപ്പെടുത്തിയിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തതാണ് പുതിയ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. പത്ത് മാസത്തിനിടെ 14 തവണ കമ്മിഷണർമാർ എതിർപ്പ് രേഖപ്പെടുത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.
പുതിയ വോട്ടർമാരുടെ രജിസ്ട്രേഷൻ ഫോം 6ൽ വരുത്തിയ മാറ്റങ്ങൾ, വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യൽ, പ്രത്യേകിച്ച് എസ്ഐആർ നടപടികൾ, ഇആർഒ നെറ്റ്/ ഇസിഐ നെറ്റ് വഴി വോട്ടർ ഡേറ്റ കൈകാര്യം ചെയ്യുന്നതിലെ നിയന്ത്രണം, ചില വോട്ടർമാരുടെ അപ്പീലുകളും അർഹരായവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിലെ സാങ്കേതിക പ്രശ്നങ്ങളും എന്നീ വിഷയങ്ങളിലാണ് എതിർപ്പ് രേഖപ്പെടുത്തിയിരുന്നത്. ഇതിൽ നാല് എതിർപ്പുകൾ ഒരേ ദിവസം തന്നെയാണ് രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിലുണ്ട്. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനായുള്ളതാണ് ഫോം 6. ഈ അപേക്ഷയിൽ പുതിയ ഒരു ചോദ്യം കൂടി തെരഞ്ഞെടുപ്പു കമ്മിഷൻ ഉൾപ്പെടുത്തിയിരുന്നു. നിങ്ങളുടെ മാതാപിതാക്കളോ അല്ലെങ്കിൽ മുത്തച്ഛനോ മുത്തശ്ശിയോ ഇതിനു മുൻപത്തെ എസ്ഐആർ പ്രകാരമുള്ള പട്ടികയിൽ ഉൾപ്പെട്ടിരുന്നോ അല്ലെങ്കിൽ നിങ്ങളുടെ പേര് മുൻപത്തെ എസ്ഐആറിൽ ഉൾപ്പെട്ടിരുന്നോ എന്ന ചോദ്യമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ചോദ്യം തികച്ചും നിയമവിരുദ്ധമാണെന്നാണ് സന്ധു അഭിപ്രായപ്പെട്ടത്. ഈ ചോദ്യം നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പു പട്ടികയുടെ സോഫ്റ്റ് വെയർ സെൻട്രലൈസ് ചെയ്യുന്നതിനെയും കമ്മിഷണർമാർ ചോദ്യം ചെയ്തിരുന്നു. ഇതു സംബന്ധിച്ച് സന്ധുവും ജോഷിയും പ്രത്യേകം കാബിനറ്റ് സെക്രട്ടറിക്ക് എഴുതിയിരുന്നു. ഈ വിഷയങ്ങളിലെല്ലാം അഭിപ്രായ ഭിന്നത ഉണ്ടായിട്ടും ജ്ഞാനേഷ് കുമാർ ഏകാധിപതിയെ പോലെ പ്രവർത്തിച്ചുവെന്നാണ് പ്രധാന ആരോപണം. 2023ലെ ചീഫ് ഇലക്ഷൻ കമ്മിഷണർ ആൻഡ് അഡർ ഇലക്ഷൻ കമ്മിഷണേഴ്സ്( നിയമനം, പ്രവർത്തനത്തിനുള്ള വ്യവസ്ഥകൾ, ഓഫിസിന്‍റെ കാലാവധി) ആക്റ്റ് പ്രകാരം മൂന്ന് അംഗങ്ങളുള്ള തെരഞ്ഞെടുപ്പു കമ്മിഷന്‍റെ തീരുമാനങ്ങൾ ഐകകണ്ഠമായിരിക്കണം. കമ്മിഷണർമാർ വിയോജിപ്പ് പ്രകടിപ്പിച്ചാൽ ഭൂരിപക്ഷത്തിന്‍റെ തീരുമാനമായിരിക്കണം നടപ്പാക്കേണ്ടത് എന്നും നിയമത്തിലുണ്ട്. രണ്ട് കമ്മിഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും ആ വിഷയങ്ങളിൽ മാറ്റം വരുത്താതിരുന്നത് നിയമലംഘനമാണെന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്.
2025 ജൂണിൽ ബിഹാറിലാണ് എസ്ഐആർ ആരംഭിച്ചത്. പിന്നീട് എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു. മൊത്തെ 13 കോടി പേരുകളാണ് ഇതു പ്രകാരം തെരഞ്ഞെടുപ്പു പട്ടികയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നതെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിഷയങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നാണ് തെരഞ്ഞെടുപ്പു കമ്മിഷൻ പറയുന്നത്. കമ്മിഷന്‍റെ ആഭ്യന്തര ചർച്ചകളിലെ നിരീക്ഷണങ്ങളും നിർദേശങ്ങളും പരിശോധനയ്ക്കു വേണ്ടിയാണ് രേഖപ്പെടുത്താറുള്ളതെന്നും എല്ലാ ഔദ്യോഗിക നിർദേശങഅങളും നിയമപ്രകാരമാണ് നടപ്പാക്കിയിരിക്കുന്നതെന്നും കമ്മിഷൻ പറയുന്നു.
ജ്ഞാനേഷ് കുമാർ 48 മണിക്കൂറിനകം രാജി വക്കണമെന്നും അല്ലാത്ത പക്ഷം രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നുമാണ് സിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ജ്ഞാനേഷ് കുമാർ ദേശദ്രോഹി ആണെന്നും ബിജെപിയുടെ വിജയത്തിനു കാരണം മോദിയല്ല ജ്ഞാനേഷ് കുമാർ ആണെന്നും സിജെപി ആരോപിച്ചിട്ടുണ്ട്.