മല്ലികാർജുൻ ഖാർഗെ, നരേന്ദ്ര മോദി
പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിവാദ പരാമർശം നടത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരേ ബിഹാറിൽ ബിജെപി പ്രവർത്തകൻ പൊലീസിൽ പരാതി നൽകി. ഞായറാഴ്ച വൈകിട്ടാണ് പരാതി ലഭിച്ചതെന്ന് പട്നയിലെ കോട്‌വാലി പൊലീസ് അറിയിച്ചു. സംഭവം ഗാന്ധി മൈതാൻ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പരാതി അവിടേക്ക് കൈമാറുമെന്നും കോട്‌വാലി പൊലീസ് പറഞ്ഞു.
പരാതി നൽകിയ ബിജെപി പ്രവർത്തകൻ കൃഷ്ണകുമാർ സിങ്, പരാമർശത്തിൽ ഖാർഗെ 24 മണിക്കൂറിനകം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. പട്നയിൽ നടന്ന പരിപാടിക്കിടെയാണ് ഖാർഗെയുടെ പരാമർശം വിവാദമായത്. ബിഹാർ മുൻ മുഖ്യമന്ത്രി ഡോ. ശ്രീകൃഷ്ണ സിങ്ങിന്‍റെ 139-ാമത് ജന്മവാർഷികാഘോഷ ചടങ്ങിൽ ഖാർഗെ പ്രസംഗിക്കുന്നതിനിടെ, സദസിൽ നിന്നും ഒരാൾ "മോദി അധികാരം വിട്ടുപോകില്ല" (മോദി നഹി ജായേഗാ) എന്ന് വിളിച്ചുപറഞ്ഞു. ഇതോടെ രോഷാകുലനായ ഖാർഗെ, ഇതിനു മറുപടിയായി "മോദിയുടെ അച്ഛൻ പോലും പോകേണ്ടിവരും" (മോദി കാ ബാപ് ഭി ജായേഗാ) എന്ന് മൂന്ന് തവണ ആവർത്തിച്ച് പ്രതികരിക്കുകയായിരുന്നു.