സൈനിക ശൈലിയിലുള്ള കാമഫ്ലാഷ് യൂണിഫോമും തൊപ്പിയും ധരിച്ച് സിആർപിഎഫ് ക്യാമ്പിൽ ദീപാവലി ആഘോഷത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
ജഗ്‌ദൽപൂർ (ഛത്തീസ്ഗഢ്): സായുധ മാവോയിസ്റ്റുകളെ ഇല്ലാതാക്കിയെങ്കിലും 'ദിമാഗി നക്സലുകൾ' വിവിധ രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലും നുഴഞ്ഞുകയറി ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരേ പ്രവർത്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തുകയും രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഢിലെ ബസ്തറിലുള്ള സിആർപിഎഫ് ക്യാമ്പിൽ സുരക്ഷാസേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷ വേളയിലാണ് മോദിയുടെ പരാമർശം. സൈനിക ശൈലിയിലുള്ള കാമഫ്ലാഷ് യൂണിഫോമും തൊപ്പിയും ധരിച്ചാണ് പ്രധാനമന്ത്രി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയത്.
മാർച്ച് 31ന് രാജ്യം നക്സൽവിമുക്തമായതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നക്സലിസത്തിന്‍റെ ഭീഷണി പൂർണമായും അവസാനിച്ചിട്ടില്ലെന്ന് മോദി പറഞ്ഞു. ''നക്സലുകളെ ഇല്ലാതാക്കിയെങ്കിലും ഭീഷണി അവസാനിച്ചിട്ടില്ല. സായുധ നക്സലുകൾ വനങ്ങളിൽ നിന്ന് അപ്രത്യക്ഷരായെങ്കിലും 'ദിമാഗി നക്സലുകൾ' നിരവധി സംഘടനകളുടെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. ഇന്നും അവർ രാജ്യത്തിന്‍റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരേ പ്രവർത്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലും അവർ നുഴഞ്ഞുകയറിയിട്ടുണ്ട്. ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തി രാജ്യത്തെ സുരക്ഷിതമാക്കണം'' - മോദി പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലും മോദി 'ദിമാഗി നക്സലുകളെ' പരാമർശിച്ചിരുന്നു. സായുധ നക്സലിസം ഇല്ലാതാക്കുന്നതിൽ രാജ്യം വിജയിച്ചെങ്കിലും അവരുടെ ആശയപരമായ പിന്തുണക്കാർ അക്രമം പ്രോത്സാഹിപ്പിക്കാൻ അവസരങ്ങൾ തേടുകയാണെന്നായിരുന്നു അന്നത്തെ പരാമർശം.
ബസ്തറിൽ നക്സലിസത്തിനെതിരായ പോരാട്ടം എളുപ്പമായിരുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരുകാലത്ത് 20ഓളം സംസ്ഥാനങ്ങളിലെ 230ലധികം ജില്ലകൾ ഇടതുപക്ഷ തീവ്രവാദത്തിന്‍റെ പിടിയിലായിരുന്നു. സൂര്യാസ്തമയത്തോടെ ജീവിതം നിശ്ചലമാകുന്ന സാഹചര്യമുണ്ടായിരുന്നു. ആയിരക്കണക്കിന് ഗ്രാമങ്ങളെയും കോടിക്കണക്കിന് ജനങ്ങളെയും നക്സലിസം ബാധിച്ചു. പ്രതിവർഷം ഏകദേശം 2,000 നക്സൽ ആക്രമണങ്ങളാണ് നടന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
2014നുശേഷം സുരക്ഷാസേനകളുടെ സ്ഥിതിഗതികളിലും ആത്മവിശ്വാസത്തിലും മാറ്റമുണ്ടായി. 47 വർഷത്തിനിടെ ആദ്യമായി കഴിഞ്ഞ ഒരു വർഷത്തിനിടെ ഡ്യൂട്ടിക്കിടെ ഒരു സിആർപിഎഫ് ഉദ്യോഗസ്ഥന് പോലും ജീവൻ നഷ്ടമായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്‍റെ ശരിയായ നയങ്ങളുടെയും ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയുടെയും വിജയമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.