റാഞ്ചിയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി കോൺഗ്രസ്

 

representative image

India

പരീക്ഷാ ക്രമക്കേട്; റാഞ്ചിയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി കോൺഗ്രസ്

സമരം ശക്തിയാർജിച്ചതിനു പിന്നാലെയാണ് സംസ്ഥാന സർക്കാരിലെ സഖ്യകക്ഷിയായ കോൺഗ്രസ് പരസ്യ പിന്തുണയുമായി രംഗത്തെത്തിയത്

Sarath Nath MS

ന്യൂഡൽഹി: ഝാർഖണ്ഡിലെ റാഞ്ചിയിൽ വിവിധ റിക്രൂട്ട്മെന്‍റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരേ സമരം നടത്തുന്ന വിദ്യാർഥികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്. വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കുക പാർട്ടിയുടെ പ്രധാന മുൻഗണനയാണെന്ന് ഝാർഖണ്ഡിൽ കോൺഗ്രസിന്‍റെ ചുമതലയുള്ള നേതാവ് കെ. രാജു പറഞ്ഞു. സമരം ശക്തിയാർജിച്ചതിനു പിന്നാലെയാണ് സംസ്ഥാന സർക്കാരിലെ സഖ്യകക്ഷിയായ കോൺഗ്രസ് പരസ്യ പിന്തുണയുമായി രംഗത്തെത്തിയത്.

മുഖ്യമന്ത്രി ഹേമന്ത് സോറനെ പാർട്ടി നേതാക്കൾക്കൊപ്പം സന്ദർശിച്ച് നിവേദനം കൈമാറിയതായി രാജു എക്‌സിലൂടെ അറിയിച്ചു. സമരം ചെയ്യുന്ന വിദ്യാർഥികളുമായി ചർച്ച നടത്തി പ്രായോഗിക പരിഹാരങ്ങൾ ശുപാർശ ചെയ്യുന്നതിനായി മന്ത്രിസഭാ സമിതി രൂപീകരിച്ച മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്തതായും അദ്ദേഹം പറഞ്ഞു. ഝാർഖണ്ഡ് യൂത്ത് കോൺഗ്രസിന്‍റെയും എൻഎസ്‌യുഐയുടെയും നേതാക്കൾ ദേശീയ നേതൃത്വത്തോടൊപ്പം സമരവേദിയിലെത്തി വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതായും രാജു വ്യക്തമാക്കി.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് ഝാർഖണ്ഡിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിക്കാത്തതെന്ന് ബിജെപി ദേശീയ വക്താവ് സംഭിത് പാത്ര ബുധനാഴ്ച ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസിന്‍റെ നീക്കം. ജൂലൈ 25 മുതൽ റാഞ്ചിയിലെ ജയ്പാൽ സിങ് മുണ്ട സ്റ്റേഡിയത്തിൽ ജെപിഎസ്‌സി-ജെഎസ്എസ്‌സി റിഫോംസ് മഞ്ച് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച സമരം സംസ്ഥാനത്തെ സമീപകാലത്തെ ഏറ്റവും വലിയ വിദ്യാർഥി പ്രക്ഷോഭങ്ങളിലൊന്നായി മാറിയിട്ടുണ്ട്.

14-ാമത് ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷൻ സിവിൽ സർവീസ് പരീക്ഷ റദ്ദാക്കുക, പരീക്ഷയിലെ ക്രമക്കേടുകൾ സിബിഐയെയോ സംസ്ഥാനത്തിന് പുറത്തുള്ള വിരമിച്ച ഹൈക്കോടതി ജഡ്ജിമാരുടെ സമിതിയെയോ കൊണ്ട് അന്വേഷിക്കുക, കൂടാതെ ജെപിഎസ്‌സി, ജെഎസ്എസ്‌സി എന്നീ സ്ഥാപനങ്ങളിൽ സമഗ്ര പരിഷ്കാരങ്ങൾ നടപ്പാക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ.

അതേസമയം വിദ്യാർഥികളുടെ ആശങ്കകൾ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ എക്‌സിൽ കുറിച്ചു. അന്വേഷണ ഏജൻസികൾ പൂർണസമയം പ്രവർത്തിക്കുകയാണെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം മാത്രമല്ല, വിദ്യാർഥികളുടെ ആശങ്കകൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യമെന്നും ആവശ്യങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ സർക്കാരിന്‍റെ വാതിലുകൾ എപ്പോഴും തുറന്നിരിക്കുകയാണെന്നും സോറൻ വ്യക്തമാക്കി.

കേരളത്തിൽ അതിതീവ്ര മഴ; 3 ജില്ലകളിൽ റെഡ് അലർട്ട്

സാൽബോണി ഭൂമി കൈയേറ്റക്കേസിൽ അഭിഷേക് ബാനർജിയുടെ പിഎയ്‌ക്ക് ആശ്വാസം; അറസ്റ്റ് സുപ്രീം കോടതി സ്റ്റേ ചെയ്തു

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തെന്ന കേസ്; തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ബോംബെ ഹൈക്കോടതി

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം അടിസ്ഥാനരഹിതം; പയ്യന്നൂർ എംഎൽഎയ്ക്ക് വക്കീൽ നോട്ടീസ്

തൃശൂരിൽ ഓയിൽ മില്ലിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം