പരീക്ഷാ ക്രമക്കേട്; കർണാടകത്തിൽ വ്യാപക ഇഡി റെയ്ഡ്

 
India

പരീക്ഷാ ക്രമക്കേട്; കർണാടകത്തിൽ 21 ഇടങ്ങളിൽ ഇഡി റെയ്ഡ്

ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇഡി നടപടി

Sarath Nath MS

ബെംഗളൂരു: വെറ്ററിനറി ഓഫീസർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്‍റെ ഭാഗമായി കർണാടകത്തിൽ വ്യാപക റെയ്ഡ് നടത്തി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി). ബെംഗളൂരുവിലെ കർണാടക പബ്ലിക് സർവീസ് കമ്മിഷൻ (കെപിഎസ്‌സി) ഓഫിസിലും സസ്‌പെൻഡ് ചെയ്യപ്പെട്ട ചെയർമാൻ ശിവശങ്കരപ്പ എസ്. സഹൂക്കറിന്‍റയും അംഗം ശാന്ത ഹൊസ്മനിയുടെയും വീടുകളിലും അടക്കം 21 ഇടങ്ങളിലാണ് ചൊവ്വാഴ്ച പരിശോധന പുരോഗമിക്കുന്നത്.

ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇഡി നടപടി.

ഇടനിലക്കാരെന്ന് ആരോപിക്കപ്പെടുന്ന ചിലരുടെ സ്ഥാപനങ്ങൾ, പരീക്ഷാ പേപ്പറുകളുടെ ഡിജിറ്റൽ മൂല്യനിർണയത്തിന് ചുമതലയുള്ള എഡ്യൂടെസ്റ്റ് സൊല്യൂഷൻസ് എന്ന കമ്പനിയുടെ ഓഫിസ്, വെറ്ററിനറി ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളുടെ വസതികൾ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ബെംഗളൂരുവിന് പുറമെ ഹാസൻ, ചിത്രദുർഗ, ദാവണഗെരെ, റായ്ചൂർ, കാർവാർ, കലബുറഗി, ബെലഗാവി എന്നിവിടങ്ങളാണ് റെയ്ഡ് നടക്കുന്ന മറ്റു സ്ഥലങ്ങൾ. കേസുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ അഹമ്മദാബാദിലും പരിശോധന നടക്കുന്നുണ്ട്.

വെറ്ററിനറി ഓഫീസർമാരുടെ അന്തിമ തെരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടായെന്നാരോപിച്ച് ബെംഗളൂരുവിലെ വിധാൻ സൗധ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നാല് എഫ്‌ഐആറുകൾ അടിസ്ഥാനമാക്കിയാണ് ഇഡി അന്വേഷണം ആരംഭിച്ചത്. പരാതിക്കാരൻ ഉൾപ്പെടെയുള്ള ഉദ്യോഗാർഥികളെ ചില ഇടനിലക്കാർ ഫോണിൽ ബന്ധപ്പെട്ട് നിയമനം ഉറപ്പാക്കുന്നതിനായി ഒരാൾക്ക് 70 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഈ ഇടനിലക്കാരുടെ ഓഡിയോ റെക്കോർഡിങ്ങുകളും പരാതിക്കാരൻ പൊലീസിന് കൈമാറിയിരുന്നു.

ചോദ്യപേപ്പർ ചോർച്ച, ഒഎംആർ ഉത്തരക്കടലാസുകളിൽ തിരിമറി, കെപിഎസ്‌സി ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്ക് അനുകൂലമായി ഇടപെടൽ എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഇഡി അന്വേഷിക്കുന്നുണ്ട്.

തന്‍റെ രണ്ട് പെൺമക്കളെ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർമാരായി നിയമിച്ചെന്ന ആരോപണത്തെ തുടർന്ന് സഹൂക്കറിനെ കർണാടക ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് ജൂലൈയിൽ സസ്‌പെൻഡ് ചെയ്തിരുന്നു.

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; കേന്ദ്രത്തിനു പുനഃപരിശോധിക്കാമെന്ന് സുപ്രീം കോടതി

കരുണാനിധിയെന്ന് വിളിച്ചതിൽ പ്രതിഷേധം; നിയമസഭയിൽ ക്ഷമ ചോദിച്ച് വിജയ്

വിഴിഞ്ഞത്തുനിന്ന് കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം; കണ്ടെയ്‌നറുകൾ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി | Video

അരുണാചൽ പ്രദേശ് സ്വദേശിയുടെ മരണം: എംഎ എഞ്ചീനിയറിങ് കോളെജിൽ വിദ്യാർഥി സമരം ശക്തം

"നാഥുറാം ഗോഡ്സെ സജീവ ആർഎസ്എസ് പ്രവർത്തകനായിരുന്നു"; വെളിപ്പെടുത്തലുമായി സവർക്കറുടെ കൊച്ചുമകൻ