സുപ്രീം കോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ്

 
India

സുപ്രീം കോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ്; മുന്നറിയിപ്പുമായി പരമോന്നത കോടതി

scigovinjudicial.com എന്ന ഡൊമെയിനാണ് സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്ന പേരിൽ വ്യാജമായി പ്രവർത്തിക്കുന്നതെന്ന് രജിസ്ട്രി അറിയിച്ചു

Sarath Nath MS

ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിന് സമാനമായി പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റ് കണ്ടെത്തിയതിനെ തുടർന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സുപ്രീം കോടതി രജിസ്ട്രി. വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ ഇത്തരം വെബ്സൈറ്റുകൾക്ക് കൈമാറരുതെന്ന് അധികൃതർ നിർദേശിച്ചു.

സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിനെ അനുകരിച്ച് പൊതുജനങ്ങളെ കബളിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വ്യാജ വെബ്സൈറ്റുകൾക്കെതിരേ നേരത്തെയും മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ചൊവ്വാഴ്ച പുതിയ പൊതു അറിയിപ്പ് പുറത്തിറക്കിയത്.

scigovinjudicial.com എന്ന ഡൊമെയിനാണ് സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്ന പേരിൽ വ്യാജമായി പ്രവർത്തിക്കുന്നതെന്ന് രജിസ്ട്രി അറിയിച്ചു. ഈ ലിങ്കിലൂടെ സൈബർ കുറ്റവാളികൾ വ്യക്തിഗത വിവരങ്ങളും രഹസ്യമായ ലോഗിൻ വിവരങ്ങളും ശേഖരിക്കാൻ ശ്രമിച്ചേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇത്തരം വെബ്സൈറ്റുകൾ വഴി വിവരങ്ങൾ കൈമാറുന്നത് ഡാറ്റാ മോഷണത്തിന് വഴിയൊരുക്കും. അതിനാൽ ഇലക്ട്രോണിക് സന്ദേശങ്ങളുടെയും വെബ്സൈറ്റ് ലിങ്കുകളുടെയും ആധികാരികത ഉറപ്പാക്കിയശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും രജിസ്ട്രി നിർദേശിച്ചു.

സുപ്രീം കോടതിയുടെ ഔദ്യോഗിക ഡൊമെയിൻ sci.gov.in ആണെന്നും അധികൃതർ വ്യക്തമാക്കി. ലിങ്കുകൾ തുറക്കുന്നതിന് മുൻപ് അവയുടെ യഥാർഥ വിലാസം പരിശോധിക്കണം. വ്യാജ വെബ്സൈറ്റിന്‍റെ തട്ടിപ്പിന് ഇരയായെന്ന് സംശയിക്കുന്നവർ ഉടൻ ഓൺലൈൻ അക്കൗണ്ടുകളുടെ പാസ്‌വേഡുകൾ മാറ്റുകയും അനധികൃത ഇടപെടലുകൾ സംബന്ധിച്ച് ബാങ്കുകളെ അറിയിക്കുകയും വേണമെന്നും നിർദേശിച്ചിട്ടുണ്ട്.