അഞ്ച് സുപ്രധാന തീരുമാനങ്ങളുമായി ഇന്ത്യ മുന്നണി; ഡിഎംകെയും ആം ആദ്മിയും വിട്ടുനിന്നു
ന്യൂഡൽഹി: വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്ഐആർ)ത്തിനെതിരേയും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ജ്ഞാനേഷ്കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുമുള്ള സംയുക്ത പ്രക്ഷോഭത്തിനു രൂപം നൽകാൻ "ഇന്ത്യ' മുന്നണി നേതാക്കളുടെ യോഗം. ജ്ഞാനേഷ്കുമാറിനെ തത്‌സ്ഥാനത്തു നിന്നു നീക്കാനുള്ള പുതിയ പ്രമേയം ലോക്സഭയിലും രാജ്യസഭയിലും അവതരിപ്പിക്കുന്നത് പ്രതിപക്ഷത്തിന്‍റെ പരിഗണനയിലുണ്ട്. പ്രമേയം യോഗത്തിൽ ചർച്ച ചെയ്ത് അനുമതി നൽകിയേക്കും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുതിർനന്ന നേതാക്കളായ ജയ്റാം രമേശ്, കെ.സി. വേണുഗോപാൽ, തൃണമൂൽ കോൺഗ്രസ് നേതാക്കളായ മമത ബാനർജി, അഭിഷേക് ബാനർജി എന്നിവരും എസ്പി, സിപിഎം, സിപിഐ, എൻസിപി (എസ്പി), ശിവസേന (യുബിടി) തുടങ്ങിയ പാർട്ടികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. ഡിഎംകെയും എഎപിയും പങ്കെടുക്കില്ല. എന്നാൽ, മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറെ നീക്കാൻ പാർലമെന്‍റിൽ പ്രമേയം വന്നാൽ പിന്തുണയ്ക്കുമെന്ന് ഡിഎംകെ അറിയിച്ചു.
അതേസമയം, ജ്ഞാനേഷ് കുമാറിനെതിരായ സമരത്തിനൊപ്പം പ്രധാനമന്ത്രിയുടെ രാജി ആവശ്യം കൂടി ഉയർത്താനാണ് കോൺഗ്രസ് പ്രവർത്തക സമിതിയുടെ തീരുമാനം. ജ്ഞാനേഷ് കുമാറിനെ ഉടൻ നീക്കം ചെയ്യണമെന്നും, തെരഞ്ഞെടുപ്പ് കമ്മിഷൻ മേധാവിയെ "സ്വാധീനിക്കാൻ' ശ്രമിച്ചതിന് ധാർമിക കാരണങ്ങളാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവയ്ക്കണമെന്നും യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
വോട്ടർ പട്ടികയിൽ വരുത്തിയ പ്രധാന മാറ്റങ്ങളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പരസ്യപ്പെടുത്തുക, രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടർ പട്ടികയും അനുബന്ധ വിവരങ്ങളും ലളിതമായ ഫോർമാറ്റിലും കൃത്യസമയത്തും ലഭ്യമാക്കുക എന്നിവയുൾപ്പെടെ അഞ്ച് ആവശ്യങ്ങൾ യോഗത്തിൽ ഖാർഗെ മുന്നോട്ടുവച്ചു. ഇടതുപാർട്ടികൾ ഇന്നലെ തെരഞ്ഞെടുപ്പു കമ്മിഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി.
അതേസമയം, എസ്ഐആറിൽ കോൺഗ്രസിന്‍റെ ഇരട്ടത്താപ്പിനെതിരേ ബിജെപി ഇന്നലെയും രൂക്ഷ വിമർശനമുയർത്തി. ആന്ധ്രപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, കേരളം സംസ്ഥാനങ്ങളിൽ വ്യാജ വോട്ടർമാരും മരിച്ചവരും വോട്ടർപട്ടികയിലുണ്ടെന്നും ശുദ്ധീകരണം ആവശ്യമാണെന്നും പറഞ്ഞത് കോൺഗ്രസാണെന്നു ബിജെപി നേതാവ് സ്മൃതി ഇറാനി, പാർട്ടി വക്താവ് സിദ്ധാർഥ് യാദവ് എന്നിവർ സംയുക്ത പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഇപ്പോൾ ഇതേ കോൺഗ്രസ് എസ്ഐആറിനെതിരേ രംഗത്തെത്തുന്നത് രാഷ്‌ട്രീയ ലാഭത്തിന് വേണ്ടിയുള്ള നിലപാട് മാറ്റമാണ്. കേരളത്തിൽ വ്യാജ വോട്ടർമാരുടെ പട്ടിക പുറത്തുവിട്ട് കോൺഗ്രസ് കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് എസ്ഐആറിലൂടെ 8.57 ലക്ഷത്തോളം വ്യാജ വോട്ടർമാരെ നീക്കം ചെയ്തപ്പോൾ കോൺഗ്രസാണ് തെരഞ്ഞെടുപ്പു നേട്ടമുണ്ടാക്കിയത്. അന്ന് ഈ നടപടിയെ പുകഴ്ത്തിയ കോൺഗ്രസ് ഇപ്പോൾ അതിനെതിരേ സംസാരിക്കുന്നത് വിരോധാഭാസമാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.