ജെഎൻയുവിൽ വിദ്യാർഥിയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച സഹപാഠി അറസ്റ്റിൽ

 
India

ജെഎൻയുവിൽ വിദ്യാർഥിയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച സഹപാഠി അറസ്റ്റിൽ

ഭാഷാവിഭാഗത്തിൽ രണ്ടാം വർഷ വിദ്യാർഥിയായ സൗരഭിനെയാണ് അജയ് ആക്രമിച്ചത്

Sarath Nath MS

ന്യൂഡൽഹി: വനിതാ വിദ്യാർഥിയുമായുള്ള സൗഹൃദത്തിന്‍റെ പേരിൽ സഹപാഠിയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച കേസിൽ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി അറസ്റ്റിൽ. സർവകലാശാലയിൽ എംഎ വിദ്യാർഥിയായ അജയ് ആണ് അറസ്റ്റിലായത്. നവംബർ അഞ്ചിന് സർവകലാശാലയിലെ ഹോസ്റ്റലിലെ മുറിയിലായിരുന്നു സംഭവം.

ഭാഷാവിഭാഗത്തിൽ രണ്ടാം വർഷ വിദ്യാർഥിയായ സൗരഭിനെയാണ് അജയ് ആക്രമിച്ചത്. വനിതാ വിദ്യാർഥിയുമായുള്ള സൗരഭിന്‍റെ സൗഹൃദത്തെ അജയ് എതിർത്തിരുന്നതായി പൊലീസ് പറഞ്ഞു. ആക്രമണത്തിൽ സൗരഭിന്‍റെ തലയ്ക്കും മുഖത്തിനും കൈയ്ക്കും കണ്ണിനും ഗുരുതരമായി പരുക്കേറ്റു. വലതുകണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്.

സംഭവത്തിൽ അജയ്ക്കും മറ്റ് മൂന്ന് വിദ്യാർഥികൾക്കും പരുക്കേറ്റിരുന്നു. ഇവരെല്ലാവരെയും എയിംസ് ട്രോമ സെന്‍ററിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാലെ സൗരഭിന്‍റെ സുഹൃത്തായ വനിതാ വിദ്യാർഥി പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നവംബർ ആറിന് വസന്ത് കുഞ്ച് നോർത്ത് പൊലീസ് സ്റ്റേഷനിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു. തുടർന്നാണ് അജയിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.