അശുതോഷ് രങ്ക, സൗരവ് ദാസ്
ന‍്യൂഡൽഹി: അനുമതിയില്ലാതെ രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിലേക്ക് അതിക്രമിച്ച് കടന്നുവെന്ന് ആരോപിച്ച് സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക, അടക്കമുള്ള നേതാക്കൾക്കെതിരേ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജി വയ്ക്കണമെന്നും ആവശ‍്യപ്പെട്ടും മദ്രാവാക‍്യം വിളിച്ച് കനത്ത സുരക്ഷാ വേലികളും പൂട്ടിയ ഗേറ്റുകളും ചാടിക്കടന്ന് പ്രതിഷേധ സ്ഥലത്തേക്ക് എത്തിയതിന് സൗരവ് ദാസിനെയും അശുതോഷ് രങ്കയെയും കസ്റ്റഡിയിലെടുത്ത് മണിക്കൂറുകൾക്ക് ശേഷമാണ് നടപടിയുണ്ടായിരിക്കുന്നത്.
ജന്തർ മന്തറിലെ പൂട്ടിയിട്ട ഗേറ്റ് ചാടികടക്കുന്നതിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ അശുതോഷ് രങ്ക തന്‍റെ ഔദ‍്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. പിന്നീട് ജാഫർപൂർ പൊലീസ് സ്റ്റേഷനിലേക്ക് തങ്ങളെ കൊണ്ടുപോയെന്ന് സൗരവ് ദാസും എക്സിൽ കുറിച്ചിരുന്നു.
ഏറെനാളുകളായി രാജ‍്യതലസ്ഥാനത്തെ സമരകേന്ദ്രമായിരുന്ന ജന്തർ മന്തറിനെ ഔദ‍്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്നും തിങ്കളാഴ്ച ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സിജെപി നേതാക്കൾ പ്രതിഷേധത്തിനായി ജന്തർ മന്തറിലേക്കെത്തിയത്. ഷാഹ്ദാരയിലെ രാംലീല ഗ്രൗണ്ട്, ബുരാരി ഗ്രൗണ്ട്, സിബിഡി ഗ്രൗണ്ട് എന്നിവയായിരുന്നു പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനായുള്ള പുതിയ വേദികളായി നിശ്ചയിച്ചത്.