പ്രതീകാത്മക ചിത്രം
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിൽ റോഡ് നിർമാണ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. റോഡ് നിർമാണത്തിന് ഉപയോഗിച്ചിരുന്ന ട്രക്കിൽ ഡീസൽ നിറയ്ക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച അനന്തഗിരിയിലെ പിനകോട്ട ഗ്രാമത്തിലായിരുന്നു സംഭവം.
വിദൂര മേഖലകളിൽ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ തൊഴിലാളികൾ സാധാരണയായി വീപ്പകളിൽ ഡീസൽ എത്തിക്കാറുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി അമിത് ബർദാർ പറഞ്ഞു. ട്രക്കിന്‍റെ ടാങ്കിൽ ഡീസൽ നിറയ്ക്കുന്നതിനിടെ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതിരുന്നതാകാം അപകടത്തിന് കാരണമായതെന്നും തീപ്പൊരി വീണതോടെ തീപടർന്നിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തെ തുടർന്നുണ്ടായ തീപിടിത്തത്തിലാണ് അഞ്ച് പേരും മരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ പൊലീസ് കേസെടുത്തു.