താജ്മഹലിന്റെ കഷ്ണം ബ്രിട്ടൻ ലേലം ചെയ്യും; കൊണ്ടു പോയത് ഈസ്റ്റ് ഇന്ത്യ കമ്പനി ഓഫിസർ
ലണ്ടൻ: താജ്മഹലിൽ നിന്ന് കൊണ്ടു പോയ പൂക്കൾ ആലേഖനം ചെയ്ത മാർബിൾ കഷ്ണം ലേലം ചെയ്യാനൊരുങ്ങി ബ്രിട്ടൺ. അടുത്ത മാസമാണ് ലേലം. 1816ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി സൂപ്രണ്ടന്റ് ആയിരുന്ന കേണൽ പൗനോൾ ഫിപ്സ് കൊണ്ടു പോയ ദീർഘ ചതുരാകൃതിയിലുള്ള മാർബിൾ കഷ്ണമാണ് ലേലത്തിൽ വയ്ക്കുക. ഏകദേശം 20,000 മുതൽ 30,000 പൗണ്ട് വരെ മാർബിളിന് വില ലഭിച്ചേക്കുമെന്നാണ് കരുന്നത്. അതായത് ഏകദേശം 36 ലക്ഷം ഇന്ത്യൻ രൂപ വരെ ലഭിച്ചേക്കാം. ഈ മാർബിൾ കഷ്ണത്തിലെ മധ്യഭാഗത്തുള്ള ചുരുൾ രൂപം, താജ്മഹലിന്റെ മുകൾഭാഗത്ത് ഇടത് വശത്തുള്ള ചുരുൾ രൂപവുമായി വളരെ സാമ്യമുള്ളതാണ്.
ഇന്ത്യയിൽ ഫിപ്സ് ജോലി ചെയ്യുന്ന കാലത്ത് താജ്മഹലിന് അരികിലെ ഭൂഗർഭ അറകളിൽ നിന്നോ മറ്റോ ആണ് ഈ മാർബിൾ കഷ്ണം കിട്ടിയതെന്ന് അദ്ദേഹത്തിന്റെ മകൻ പറയുന്നു. അക്കാലത്ത് താജ്മഹലിന്റെ നവീകരണത്തിനായി സൂക്ഷിച്ചു വച്ചിരുന്നതാകാം എന്നാണ് കരുതുന്നത്.
ഇംഗ്ലണ്ടിലെ ഡേവണിൽ ജനിച്ച ഫിപ്സ് 1799ലാണ് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ കാഡറ്റ് ആയി ചേരുന്നത്. പിന്നീട് 1809 ൽ ആഗ്രയിൽ എത്തി. അവിടെ ഏഴു വർഷത്തോളം അദ്ദേഹം തുടർന്നു. അക്കാലത്ത് താജ്മഹൽ ഉൾപ്പെടെയുള്ള ചരിത്ര നിർമാണങ്ങളുടെ സുരക്ഷ ഉറപ്പാക്കിയിരുന്നത് ഫിപ്സ് ആയിരുന്നു. 1816ൽ അദ്ദേഹം കോൽക്കത്തയിലേക്ക് പോയി.1823 ൽ ഫിപ്സ് കുടുംബത്തിനൊപ്പം ബ്രിട്ടനിലേക്ക് തിരിച്ചു പോയി. 1858ൽ അന്തരിച്ചു. 200 വർഷമായി അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കൈയിൽ ഈ മാർബിൾ ഉണ്ടായിരുന്നു. ലിയോൺ ആൻഡ് ടേൺബുൾ ഡിസംബർ 9ന് മാർബിൾ കഷ്ണം ലേലം ചെയ്യും.