അരവിന്ദ് കെജ്‌രിവാൾ

 
India

ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ വസതി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും; സന്ദർശനത്തിന് ടിക്കറ്റ് ഏർപ്പെടുത്തും

അടുത്ത ആഴ്ചയോടെ സന്ദർശനത്തിനുള്ള ടിക്കറ്റ് ബുക്കിങ് സംവിധാനം ഒരുക്കും

Sarath Nath MS

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഔദ്യോഗിക വസതിയായിരുന്ന 'ഷീഷ് മഹൽ' പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പർവേഷ് സാഹിബ് സിങ്. അടുത്ത ആഴ്ചയോടെ സന്ദർശനത്തിനുള്ള ടിക്കറ്റ് ബുക്കിങ് സംവിധാനം ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

പൊതുജനങ്ങളുടെ ആവശ്യപ്രകാരമാണ് വസതി സന്ദർശനത്തിനായി തുറന്നുകൊടുക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. സർക്കാർ വാഹനം പോലും ഉപയോഗിക്കില്ലെന്ന് പറഞ്ഞ ഒരാൾ മറ്റ് വീടുകൾ പൊളിച്ചുനീക്കി തനിക്കായി ആഡംബര വസതി നിർമിച്ചതിന്‍റെ ഏറ്റവും വലിയ ഉദാഹരണം ജനങ്ങൾക്ക് കാണിച്ചുകൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യഘട്ടത്തിൽ മാധ്യമപ്രവർത്തകർക്കായി സന്ദർശനം സംഘടിപ്പിക്കും. പിന്നീട് പൊതുജനങ്ങൾക്ക് ടിക്കറ്റ് എടുത്ത് വസതിയുടെ അകത്തളങ്ങൾ കാണാൻ അവസരമൊരുക്കും.

2015 മുതൽ 2024 വരെ ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെജ്‌രിവാൾ താമസിച്ചിരുന്നത് ഫ്ലാഗ്സ്റ്റാഫ് റോഡിലെ ആറാം നമ്പർ ബംഗ്ലാവിലായിരുന്നു. 2025 ഫെബ്രുവരിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനിടെ ആം ആദ്മി പാർട്ടിക്കും ദേശീയ കൺവീനർ കെജ്‌രിവാളിനുമെതിരായ അഴിമതി ആരോപണങ്ങൾ ഉയർത്തിക്കാട്ടാൻ ബിജെപിയാണ് വസതിക്ക് 'ഷീഷ് മഹൽ' എന്ന പേര് നൽകിയത്.

ഡൽഹി നിയമസഭയിൽ കഴിഞ്ഞ വർഷം സമർപ്പിച്ച കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ (സിഎജി) റിപ്പോർട്ട് പ്രകാരം, കെജ്‌രിവാളിന്‍റെ ഔദ്യോഗിക വസതിയുടെ നവീകരണത്തിന് 33.66 കോടി രൂപ ചെലവായി. നേരത്തെ കണക്കാക്കിയ തുകയേക്കാൾ 342 ശതമാനം അധികമായിരുന്നു ഇത്.