ശങ്കർസിങ് വഗേല
ഗാന്ധിനഗർ: മുൻ ഗുജറാത്ത് മുഖ്യമന്ത്രി ശങ്കർസിങ് വഗേല കോൺഗ്രസിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. 86കാരനായ വഗേല കോൺഗ്രസിൽ തിരിച്ചെത്താൻ താൽപര്യം പ്രകടിപ്പിച്ചതായി പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ സ്വന്തം പാർട്ടിയായ പ്രജ ശക്തി ഡെമോക്രാറ്റിക് പാർട്ടിയിലാണ് വഗേല പ്രവർത്തിക്കുന്നത്.
ഗുജറാത്ത് കോൺഗ്രസ് ഘടകം തിരിച്ചുവരവിന് അനുമതി നൽകിയിട്ടുണ്ട്. ഇനി പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിന്‍റെ അന്തിമ അനുമതിയാണ് ലഭിക്കാനുള്ളത്. വരാനിരിക്കുന്ന ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വഗേലയെ പാർട്ടിയുടെ താരപ്രചാരകനായി രംഗത്തിറക്കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ആലോചന. എത്രയും വേഗം അദ്ദേഹം കോൺഗ്രസിൽ ചേരണമെന്നാണ് സംസ്ഥാന ഘടകത്തിന്‍റെ താൽപര്യം. വഗേലയുടെ തിരിച്ചുവരവ് സംബന്ധിച്ച ചോദ്യത്തിന് മുതിർന്ന കോൺഗ്രസ് നേതാവ് ശക്തിസിങ് ഗോഹിൽ, “കാത്തിരുന്ന് കാണാം. ശരിയായ സമയത്ത് എല്ലാവർക്കും ഉത്തരം ലഭിക്കും” എന്നായിരുന്നു പ്രതികരിച്ചത്.
ഗുജറാത്ത് രാഷ്ട്രീയത്തിൽ ദീർഘകാല പാരമ്പര്യമുള്ള നേതാവാണ് വഗേല. ജനസംഘത്തിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് കേശുഭായ് പട്ടേൽ, നരേന്ദ്ര മോദി തുടങ്ങിയ നേതാക്കൾക്കൊപ്പം ഗുജറാത്തിൽ ബിജെപി രൂപീകരിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് 1996ൽ ബിജെപി വിട്ട വഗേല രാഷ്ട്രിയ ജനത പാർട്ടി രൂപീകരിച്ചു. കോൺഗ്രസിന്‍റെ പിന്തുണയോടെ 1996 മുതൽ 1997 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായി. 1998ൽ അദ്ദേഹത്തിന്‍റെ പാർട്ടി കോൺഗ്രസിൽ ലയിച്ചു. തുടർന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിൽ കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രിയായും ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. 2017ലാണ് കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചത്.
2019 ജനുവരിയിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി)യിൽ ചേർന്നു. തുടർന്ന് ദേശീയ ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്‍റ് എന്നീ നിലകളിൽ നിയമിക്കപ്പെട്ടു. 2020 ജൂണിൽ സംസ്ഥാന പ്രസിഡന്‍റ് പദവിയിൽ നിന്ന് നീക്കപ്പെട്ടു. ഇതിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ജൂൺ 22ന് അദ്ദേഹം എൻസിപിയിൽ നിന്ന് രാജി വച്ചു. തുടർന്ന് 2022 ഓഗസ്റ്റ് 21ന് പ്രജ ശക്തി ഡെമോക്രാറ്റിക് പാർട്ടി രൂപീകരിക്കുകയായിരുന്നു.
കേന്ദ്ര നേതൃത്വം തിരിച്ചുവരവിന് അനുമതി നൽകിയാൽ, വഗേല വീണ്ടും കോൺഗ്രസ് പാളയത്തിലെത്തും. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകൾക്കും ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പരിചയവും സംഘടനാ ബന്ധങ്ങളും പ്രയോജനപ്പെടുത്താനാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്‍റെ നീക്കം.