ദിവ്യ മിത്തൽ

 
India

യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പുതിയ പാർട്ടി പ്രഖ്യാപിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ മിത്തൽ

വ്യാഴാഴ്ചയാണ് ‘ജൻ നീതി ഭാരത്’ എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്

Sarath Nath MS

ലഖ്നൗ: 2027ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ മിത്തൽ. സ്വമേധയാ വിരമിക്കൽ തെരഞ്ഞെടുത്ത ദിവ്യ മിത്തൽ വ്യാഴാഴ്ചയാണ് ‘ജൻ നീതി ഭാരത്’ എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്.

നയരൂപീകരണത്തിൽ ജനങ്ങൾക്ക് മുഖ്യപങ്കാളിത്തം ഉറപ്പാക്കുകയും തെരഞ്ഞെടുപ്പ് ദിവസം മാത്രമല്ല, സർക്കാരിന്‍റെ അഞ്ച് വർഷത്തെ ഭരണകാലത്തുടനീളം ജനങ്ങളോട് ഉത്തരവാദിത്തം ഉറപ്പാക്കുകയുമാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് എക്സിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിൽ ദിവ്യ മിത്തൽ പറഞ്ഞു.

“രാഷ്ട്രീയം നിങ്ങളെ ഭരിക്കുന്നു. ജൻ നീതിയിൽ നിങ്ങളായിരിക്കും ഭരിക്കുക”- പാർട്ടിയുടെ പേരും അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനവും പ്രഖ്യാപിച്ചുകൊണ്ട് അവർ പറഞ്ഞു.

ഡൽഹി ഐഐടിയിലും ബെംഗളൂരുവിലെ ഐഐഎമ്മിലും പഠിച്ചിട്ടുള്ള ദിവ്യ മിത്തൽ വാൾസ്ട്രീറ്റിൽ ട്രേഡറായും പ്രവർത്തിച്ചിട്ടുണ്ട്. 13 വർഷത്തെ സേവനത്തിനുശേഷം ഓഗസ്റ്റ് 30നാണ് അവർ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് രാജിവച്ചത്. സെപ്റ്റംബർ 29ന് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചിരുന്നു.