പട്ടത്തിന്‍റെ നൂൽ കഴുത്തിൽ കുരുങ്ങി മുൻ സൈനികൻ മരിച്ചു
ജമ്മു: യാത്ര ചെയ്യുന്നതിനിടെ പട്ടത്തിന്‍റെ നൂൽ കഴുത്തിൽ കുരുങ്ങി മുൻ സൈനികൻ മരിച്ചു. ജമ്മു കശ്മീരിിലെ ബിഷ്ണ മേഖലയിൽ വച്ചാണ് സംഭവം. നായിബ് സുബേദാർ ലഖ്‌വിന്ദർ സിങ്ങ് ആണ് മരണപ്പെട്ടത്. ബാരി ബ്രഹ്മണയിലെ സ്വകാര്യ സ്ഥാപനത്തിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു സിങ്.
ജോലി കഴിഞ്ഞ് ആർ എസ് പുരയിലുള്ള വീട്ടിലേക്ക് റിങ് റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് പട്ടത്തിന്‍റെ നൂൽ കഴുത്തിൽ കുരുങ്ങിയത്. ഗുരുതരമായി പരുക്കേറ്റ സിങ്ങിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിരോധിക്കപ്പെട്ട മഞ്ച എന്നറിയപ്പെടുന്ന ചൈനീസ് നൂലാണ് അപകടത്തിനിടയാക്കിയത്. നിരോധിച്ചിട്ടുണ്ടെങ്കിലും മേഖലയിലെ കടകളിൽ ഇവ ധാരാളമായി വിറ്റഴിക്കുന്നുണ്ട്.