അൻബിൽ മഹേഷ് പൊയ്യാമൊഴി
ചെന്നൈ: തമിഴ്‌നാട്ടിലെ സ്വകാര്യ സ്കൂളുകൾക്ക് അംഗീകാരം നൽകുന്നതിൽ നൂറു കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ ഡിഎംകെ നേതാവും മുൻ സ്കൂൾ വിദ്യാഭ്യാസ മന്ത്രിയുമായ അൻബിൽ മഹേഷ് പൊയ്യാമൊഴി അറസ്റ്റിൽ. മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയതിനു തൊട്ടുപിന്നാലെയാണ് ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
സ്വകാര്യ സ്കൂൾ മാനെജ്‌മെന്‍റുകളിൽ നിന്ന് പാർട്ടി ഫണ്ടിന്‍റെ പേരിലാണു 100 കോടിയിലധികം രൂപ പിരിച്ചെടുത്തതെന്നാണ് കേസ്. സർക്കാരിന്‍റെ അനുമതികൾ ഉറപ്പുനൽകിയായിരുന്നു ഇടപാടെന്ന് അന്വേഷണ സംഘം.
സ്കൂളുകളുടെ അംഗീകാരം, പുതുക്കൽ, അപ്‌ഗ്രേഡേഷൻ എന്നിവ വേഗത്തിലാക്കാമെന്ന വാഗ്ദാനത്തിൽ പണം പിരിച്ചെന്ന പരാതികളിലാണു സെൻട്രൽ ക്രൈംബ്രാഞ്ച് കേസെടുത്തത്. ഇടപാടിൽ ഉൾപ്പെട്ട177 സ്വകാര്യ സ്കൂളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പാർട്ടി ഫണ്ടിന്‍റെ പേരിലുള്ള പണമിടപാടുകളിൽ മന്ത്രിക്കു നേരിട്ട് പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആരോപണം. അൻബിൽ മഹേഷിന്‍റെയും അനുയായികളുടെയും കേന്ദ്രങ്ങളിൽ നേരത്തെ തെരച്ചിൽ നടത്തിയിരുന്നു. മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് വി. ലക്ഷ്മിനാരായണനാണ് ഇന്നലെ അൻബിൽ മഹേഷിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ചോദ്യം ചെയ്യലിന് സഹകരിച്ചിട്ടുണ്ടെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. പണത്തിന്‍റെ സ്രോതസും വഴികളും വ്യക്തമാകാവും പ്രധാന പ്രതികളിലൊരാൾ ഒളിവിലായതിനാലും കസ്റ്റഡി അത്യാവശ്യമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി ശരിവയ്ക്കുകയായിരുന്നു.
അതിനിടെ, പണമിടപാടുകളിലെ കള്ളപ്പണ നിരോധന നിയമപ്രകാരം എൻഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റും കേസിൽ വേറെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.