പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസാമി

 
India

വനിതകൾക്ക് സൗജന്യ ബസ് യാത്ര; പദ്ധതി പരിഗണിച്ച് പുതുച്ചേരി സർക്കാർ

അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ നടപ്പാക്കിയ മാതൃകയിൽ പുതുച്ചേരിയിലും സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്നതിനുള്ള നടപടികൾ സർക്കാർ ശക്തമാക്കിയിട്ടുണ്ടെന്നും രംഗസാമി വ്യക്തമാക്കി

Sarath Nath MS

പുതുച്ചേരി: സർക്കാർ ബസ് സർവീസായ പിആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി നടപ്പാക്കുന്നത് പരിഗണിച്ചുവരികയാണെന്ന് പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസാമി. വെള്ളിയാഴ്ച വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഏതാനും വർഷങ്ങൾക്ക് മുൻപ് തന്നെ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന പദ്ധതി പുതുച്ചേരി സർക്കാർ ആലോചിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ പദ്ധതി നടപ്പാക്കുന്നത് വൈകുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ നടപ്പാക്കിയ മാതൃകയിൽ പുതുച്ചേരിയിലും സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്നതിനുള്ള നടപടികൾ സർക്കാർ ശക്തമാക്കിയിട്ടുണ്ടെന്നും രംഗസാമി വ്യക്തമാക്കി.

പിആർടിസിയുടെ ബസ് ശൃംഖല ശക്തിപ്പെടുത്തുന്നതിനായി 100 ബസുകൾ കൂടി വാങ്ങാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ പ്രദേശങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നതിനും നിലവിലുള്ള റൂട്ടുകളിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിനും പുതിയ ബസുകൾ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തമിഴ്നാട്ടിൽ വെള്ളിയാഴ്ച സമാനമായ സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചതിനെക്കുറിച്ചും രംഗസാമി പരാമർശിച്ചു. പുതുച്ചേരി സർക്കാർ നേരത്തെ തന്നെ ഇത്തരമൊരു പദ്ധതിക്ക് നിർദേശം നൽകിയിരുന്നുവെന്നും എന്നാൽ ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം ഉയർത്തിയ തടസങ്ങൾ മൂലം പദ്ധതി നടപ്പാക്കുന്നത് വൈകിയെന്നും അദ്ദേഹം പറഞ്ഞു.