ഗാന്ധിജിയുടെ പൗത്രനും കസ്റ്റഡിയിൽ; ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ലെന്ന് അഭിജീത് ദീപ്കെ
മുംബൈ: കോക്രോച്ചസ് ജനതാ പാർട്ടി പ്രതിഷേധത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്ന തുഷാർ ഗാന്ധി കസ്റ്റഡിയിൽ. മഹാത്മാ ഗാന്ധിജിയുടെ പൗത്രനാണ് തുഷാർ ഗാന്ധി. മുംബൈ പൊലീസാണ് തുഷാർ ഗാന്ധിയെ കസ്റ്റഡിയിലെടുത്തത്. മുംബൈയിലെ ക്രാന്തി മൈതാനത്ത് സിജെപി സംഘടിപ്പിച്ചിരുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കുമെന്ന് തുഷാർ പ്രഖ്യാപിച്ചിരുന്നു. അതേ സമയം ഇന്ദിരാ ഗാന്ധി പോലും ഇത്തരത്തിൽ പെരുമാറിയിട്ടില്ലെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ആരോപിച്ചു. അഭിജീത് ഉൾപ്പെടെയുള്ള സിജെപി നേതാക്കളെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
ജന്തർ മന്തറിൽ പ്രക്ഷോഭം പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് അറസ്റ്റ്. ദിപ്കെ സഞ്ചരിച്ചിരുന്ന വിമാനത്തിലേക്ക് കയറിച്ചെന്നാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഞങ്ങൾ ശാന്തമായ ഒരു സമരമാണ് ആഗ്രഹിക്കുന്നത്. പക്ഷേ ഇവർ ഞങ്ങളെ ക്രിമിനലുകളെ പോലെ അറസ്റ്റ് ചെയ്യുകയാണ്.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ലെന്നും ദിപ്കെ പറയുന്നു. ഇത് ഏകാധിപത്യമാണ്. മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള ബനിയൻ ധരിച്ചാണ് ദിപ്കെ പ്രക്ഷോഭത്തിൽ പങ്കെടുക്കാനായി എത്തിയത്. എന്നാൽ ലാൻഡ് ചെയ്ത വിമാനത്തിൽ നിന്ന് ഇറങ്ങുന്നതിനു മുൻപേ ഡൽഹി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.