ലണ്ടനിലെ തെംസ് നദിയിൽ ഗംഗാ ആരതി നടത്തും; പൂക്കളും തിരികളുമൊഴുക്കില്ല
ലണ്ടൻ: പ്രശസ്തമായ ഗംഗാ ആരതി ലണ്ടനിലെ തെംസ് നദിയിൽ നടത്താനൊരുങ്ങി യുകെയിലെ ചിന്മയ മിഷൻ. തെംസ് നദിയെ ആഘോഷിക്കുന്നതിനായി കലാകായിക പരിപാടികൾ സംഘടിപ്പിക്കുന്ന ട്രസ് ടോട്ടലി തെംസുമായി യോജിച്ചാണ് ഗംഗാ ആരതി സംഘടിപ്പിക്കുന്നത്. സെപ്റ്റംബറിൽ ലണ്ടനിലെ ഗ്രീൻവിച്ചിലുള്ള നദീതീരത്തു വച്ചായിരിക്കും ആരതി നടത്തുക.
ഗംഗാ ആരതി കാണുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും പ്രവേശനം തീർത്തും സൗജന്യമായിരിക്കുംമെന്നും സംഘാടകർ പറയുന്നു. അതിനൊപ്പം തന്നെ ഇന്ത്യൻ വിഭവങ്ങളുടെ സ്റ്റാളുകളും തത്സമയ സംഗീതവും പരമ്പരാഗത നൃത്തവുമെല്ലാം ഒരുക്കുന്നുണ്ട്.
ലോകത്തിലെ തന്നെ മഹത്തായ രണ്ടു നദികളുടെ സംയോജനം എന്ന നിലയിലാണ് ഗംഗാ ആരതി നടത്തുന്നത്. നൂറ്റാണ്ടുകളായി ഇന്ത്യയിലെ ഭക്തർ ഗംഗാ തീരത്ത് ആരതി നടത്തി പ്രാർഥിക്കാറുണ്ട്. ആരതിക്കു ശേഷം പൂക്കളും തിരിനാളങ്ങളും നദിയിലേക്ക് ഒഴുക്കി വിടുന്ന ചടങ്ങുമുണ്ട്. എന്നാൽ തെംസിൽ ഒരു കാരണവശാലും നദിയിലേക്ക് യാതൊന്നും അർപ്പിക്കില്ലെന്ന് സംഘാടകർ പറയുന്നു.