പ്രതീകാത്മക ചിത്രം

 
India

ഗ്യാസ് പൈപ്പ്‌ലൈൻ ചോർച്ച; മഹാരാഷ്ട്രയിൽ സമൃദ്ധി എക്സ്പ്രസ് വേയിൽ ഗതാഗത നിയന്ത്രണം

സമൃദ്ധി എക്സ്പ്രസ് വേയിൽ ഹദാസ് പിംപൽഗാവ് മുതൽ മാലിവാഡ വരെയുള്ള ഭാഗത്തെ ഗതാഗതമാണ് വഴിതിരിച്ചുവിട്ടത്

Sarath Nath MS

ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിൽ സമൃദ്ധി എക്സ്പ്രസ് വേയ്ക്ക് സമീപം ഗെയിൽ പൈപ്പ്‌ലൈനിൽ നിന്ന് വാതക ചോർച്ചയുണ്ടായതിനെ തുടർന്ന് ഹൈവേയിലെ 24 കിലോമീറ്റർ ഭാഗത്ത് ഗതാഗതം വഴിതിരിച്ചുവിട്ടു. എക്സ്പ്രസ് വേയ്ക്ക് സമീപമുള്ള ഗംഗാപൂർ താലൂക്കിലെ ടക്ലിവാടിയിൽ ശനിയാഴ്ച വൈകിട്ട് അഞ്ചിനാണ് ചോർച്ച കണ്ടെത്തിയത്.

ഇതേത്തുടർ‌ന്ന് ജില്ലാ ഭരണകൂടം അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ഗെയിൽ അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. പ്രദേശത്ത് മുൻകരുതലിന്‍റെ ഭാഗമായി അഗ്നിശമന ഉപകരണങ്ങളും സജ്ജമാക്കി. തുടർന്ന് ഗെയിൽ വിദഗ്ധർ എത്തി ചോർച്ചയുണ്ടായ പൈപ്പ്‌ലൈൻ ഭാഗത്തിന്‍റെ ഇരുവശത്തുമുള്ള വാൽവുകൾ അടച്ചു.

സമൃദ്ധി എക്സ്പ്രസ് വേയിൽ ഹദാസ് പിംപൽഗാവ് മുതൽ മാലിവാഡ വരെയുള്ള ഭാഗത്തെ ഗതാഗതമാണ് വഴിതിരിച്ചുവിട്ടത്. മുംബൈയിലേക്ക് പോകുന്ന വാഹനങ്ങൾ ഹദാസ് പിംപൽഗാവ് ഇന്‍റർചേഞ്ചിൽ നിന്ന് പുറത്തിറങ്ങി ധുലെ-സോലാപൂർ ഹൈവേയിലൂടെ സഞ്ചരിച്ച് മാലിവാഡയിൽ നിന്ന് വീണ്ടും സമൃദ്ധി എക്സ്പ്രസ് വേയിൽ പ്രവേശിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

നാഗ്പൂരിലേക്ക് പോകുന്ന വാഹനങ്ങൾ മാലിവാഡ ഇന്‍റർചേഞ്ചിൽ നിന്ന് പുറത്തുകടന്ന് ധുലെ-സോലാപൂർ ഹൈവേ ഉപയോഗിച്ച് ഹദാസ് പിംപൽഗാവിൽ നിന്ന് വീണ്ടും എക്സ്പ്രസ് വേയിൽ പ്രവേശിക്കണം. ജില്ലാ ഭരണകൂടവും പൊലീസും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഗതാഗതം എത്രയും വേഗം സാധാരണ നിലയിലാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.