ഇന്ത്യയിൽ വന്ന് ചാണകം വാരി ജർമൻ നയതന്ത്രജ്ഞൻ; പ്രശംസിച്ച് സോഷ്യൽമീഡിയ

 
India

ഇന്ത്യയിൽ വന്ന് ചാണകം വാരി ജർമൻ നയതന്ത്രജ്ഞൻ; പ്രശംസിച്ച് സോഷ്യൽമീഡിയ|Video

പ്രമോദിനൊപ്പം മാരിയസ് കാലികൾക്കുള്ള പുല്ലും കാലിത്തീറ്റയും തയാറാക്കി കൊടുക്കാനും സഹായിക്കുന്നുണ്ട്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: പശുവിന് പുല്ല് കൊടുത്തും ചാണകം വാരിയും ഇന്ത്യൻ ഗ്രാമജീവിതം ആസ്വദിച്ച് ജർമൻ നയതന്ത്രജ്ഞൻ. ന്യൂഡൽഹിയിലുള്ള ജർമൻ എംബസിയിലെ മിനിസ്റ്റർ കൗൺസിലറും പൊളിറ്റിക്കൽ അഫയേഴ്സ് മേധാവിയുമായ മാരിയസ് ഒസ്‌വാൾഡ് ആണ് ഗ്രാമത്തിലെത്തിയത്. പ്രമോദ് ശർമ എന്ന കർഷകന്‍റെ വീട്ടിലെത്തിയ മാരിയസിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കോട്ടുൾപ്പെടെയുള്ള ഫോർമൽ വസ്ത്രങ്ങളണിഞ്ഞെത്തിയ ശേഷം കടുത്ത ചൂടിനെക്കുറിഇച്ച് പരാതി പറഞ്ഞ മാരിയസിനെ കഴുത്തിൽ ചുറ്റാൻ ഒരു പരമ്പരാഗത തോർത്ത് നൽകിയാണ് പ്രമോദ് തൊഴുത്തിലേക്ക് കൊണ്ടു പോകുന്നത്. ദിവസം തുടങ്ങുന്നതു തന്നെ കാലികളെ ശുശ്രൂഷിച്ചു കൊണ്ടാണെന്നാണ് പ്രമോദ് പറയുന്നത്. തുടർന്ന് പ്രമോദിനൊപ്പം മാരിയസ് കാലികൾക്കുള്ള പുല്ലും കാലിത്തീറ്റയും തയാറാക്കി കൊടുക്കാനും സഹായിക്കുന്നുണ്ട്.

അടുത്ത ജോലി ചാണകം വാരുന്നതാണെന്ന് പറയുമ്പോൾ അതു വൃത്തികേടാണോ എന്ന് മാരിയസ് ചോദിക്കുന്നുണ്ട്. എന്നാൽ പശു തങ്ങളുടെ ജീവിതത്തിന്‍റെ ഭാഗം തന്നെയാണെന്നും അതുകൊണ്ട് ചാണകം വാരുന്നത് ഒരു സാധാരണ കാര്യം മാത്രമാണെന്നുമാണ് പ്രമോദ് പറയുന്നത്. പിന്നീടാണ് മാരിയസ് വെറും കൈ കൊണ്ട് ചാണകം വാരി തൊഴുത്തിന് പുറത്തേക്ക പോകുന്നത്. കർഷകരുടെ ജീവിതം അത്ര എളുപ്പമല്ലെന്നും മാരിയസ് വിഡിയോയിൽ പറയുന്നുണ്ട്. ഇത്തവണ വളരെ വ്യത്യസ്തമായ ഒരു വെല്ലുവിളിയാണ് ഏറ്റെടുത്തതെന്നും വളരെ കുറച്ച് നയതന്ത്രജ്ഞർ മാത്രമേ കൈകളിൽ അഴുക്കാക്കാൻ സമ്മതിക്കാറുള്ളൂ എന്നുമുള്ള കുറിപ്പോടെയാണ് ജർമൻ എംബസി വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോക്കു താഴെ നിരവധി പേരാണ് അഭിനന്ദനങ്ങൾ കുറിച്ചിരിക്കുന്നത്.