'കാമുകനെ വിവാഹം കഴിക്കാൻ സമ്മതിച്ചില്ലെങ്കിൽ ചാടും'; മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത‍്യാ ഭീഷണി മുഴക്കി 18കാരി

 

പ്രതീകാത്മക ചിത്രം- എഐ

India

'കാമുകനെ വിവാഹം കഴിക്കാൻ സമ്മതിച്ചില്ലെങ്കിൽ ചാടും'; മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത‍്യാ ഭീഷണി മുഴക്കി 18കാരി

ഉത്തർപ്രദേശിലെ മഹാരാജാഗഞ്ച് ജില്ലയിലെ ബൈത്ത്‌വാലിയ ഗ്രാമത്തിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്

Aswin AM

മഹാരാജാഗഞ്ച്: കാമുകനെ വിവാഹം കഴിക്കണമെന്ന് ആവശ‍്യപ്പെട്ട് മൊബൈൽ ടവറിന് മുകളിലേക്ക് കയറി 18കാരി. ഉത്തർപ്രദേശിലെ മഹാരാജാഗഞ്ച് ജില്ലയിലെ ബൈത്ത്‌വാലിയ ഗ്രാമത്തിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്.

തന്‍റെ ആവശ‍്യം അംഗീകരിക്കാത്ത പക്ഷം മൊബൈൽ ടവറിൽ നിന്നും താഴെക്ക് ചാടുമെന്ന് 18കാരി ഭീഷണി മുഴക്കി. ഇത് കുടുംബാംഗങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തുകയും സംഭവസ്ഥലത്ത് വലിയ ജനക്കൂട്ടം തടിച്ചു കൂടുകയും ചെയ്തു.

ഷിഷ്ഗഡ് ഗ്രാമത്തിലുള്ള യുവാവുമായി യുവതി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാൽ മറ്റൊരു ജാതിയിൽ നിന്നുള്ള ആളായതിനാൽ വിവാഹത്തെ യുവതിയുടെ കുടുംബം എതിർത്തു. ഇതിൽ മനംനൊന്ത് പുലർച്ചെ 5 മണിക്ക് വീടു വിട്ടിറങ്ങിയ യുവതി മൊബൈൽ ടവറിനു മുകളിലേക്ക് കയറുകയായിരുന്നു.

വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് സംഭവസ്ഥലത്തെത്തുകയും കുടുംബത്തിനൊപ്പം ചേർന്ന് യുവതിയോട് താഴെയിറങ്ങാൻ ആവശ‍്യപ്പെടുകയും ചെയ്തു. നിരന്തര ശ്രമങ്ങൾക്കിടെ ഒടുവിൽ സുരക്ഷിതമായി യുവതി താഴെക്കിറങ്ങി. ഇതോടെ ചോദ‍്യം ചെയ്യലിനായി യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ‍്യം ചെയ്യലിന് ശേഷമായിരിക്കും തുടർനടപടിയെന്ന് പൊലീസ് വ‍്യക്തമാക്കി.