പ്രതീകാത്മക ചിത്രം

 
India

ഭൂട്ടാനിൽ ഹിമാനി തടാകം കരകവിഞ്ഞൊഴുകി; ബംഗാളിലും അസമിലും മിന്നൽപ്രളയ മുന്നറിയിപ്പ്

അസമിലെ ധുബ്രി ജില്ലയും പശ്ചിമ ബംഗാളിലെ ഡാർജിലിങ് മലനിരകൾ, അലിപുർദുവാർ, ജൽപായ്ഗുരി ജില്ലകൾ എന്നിവ മിന്നൽപ്രളയ ഭീഷണി നേരിടുന്നവയാണ്

Sarath Nath MS

തിംഫു: ഭൂട്ടാനിലെ വടക്കുപടിഞ്ഞാറൻ ഗാസ ജില്ലയിലുള്ള ഷിന്‍റാഫു തടാകം കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് പശ്ചിമ ബംഗാളിലെയും അസമിലെയും വിവിധ പ്രദേശങ്ങളിൽ മിന്നൽപ്രളയ മുന്നറിയിപ്പ്. വ്യാഴാഴ്ച വൈകിട്ടാണ് തടാകത്തിൽ നിന്ന് വൻതോതിൽ വെള്ളം പുറത്തേക്കൊഴുകിയത്. പ്രദേശം നേരത്തെ ഒഴിപ്പിച്ചിരുന്നതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

മോ ചു നദിയുടെ ഉത്ഭവസ്ഥാനത്തുള്ള ഷിന്‍റാഫു തടാകം ഭൂട്ടാനിലെ അപകടസാധ്യതയുള്ള 17 ഹിമാനി തടാകങ്ങളിൽ ഒന്നാണ്. 2021 ഓഗസ്റ്റ് 26ന് മോ ചു നദി ഗതിമാറിയൊഴുകിയതിനെ തുടർന്ന് ഗാസ ത്ഷാച്ചു മേഖലയിൽ വലിയ പ്രളയമുണ്ടായിരുന്നു.

ഭൂട്ടാനുമായി അതിർത്തി പങ്കിടുന്ന പശ്ചിമ ബംഗാളിലെയും അസമിലെയും പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ഇരു സംസ്ഥാനങ്ങളിലെയും അധികൃതർക്ക് ഭൂട്ടാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അസമിലെ ധുബ്രി ജില്ലയും പശ്ചിമ ബംഗാളിലെ ഡാർജിലിങ് മലനിരകൾ, അലിപുർദുവാർ, ജൽപായ്ഗുരി ജില്ലകൾ എന്നിവ മിന്നൽപ്രളയ ഭീഷണി നേരിടുന്നവയാണ്.

ബംഗാളിലെ കൂച്ച് ബെഹാറിൽ സങ്കോഷ് നദിയുടെ തീരങ്ങളിൽ താമസിക്കുന്നവർക്കും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ ഭൂട്ടാനിൽ നിന്ന് ഉത്ഭവിക്കുന്ന സങ്കോഷ് നദി മോ ചു, ഫോ ചു നദികളുമായി കൂടിചേർന്ന് അസമിലെ ബ്രഹ്മപുത്ര നദിയിലാണ് ലയിക്കുന്നത്.

എന്താണ് ഹിമാനി തടാകം പൊട്ടിയുണ്ടാകുന്ന പ്രളയം?

ഹിമാനികൾ ഉരുകുകയോ പിൻവാങ്ങുകയോ ചെയ്യുമ്പോൾ രൂപപ്പെടുന്ന തടാകങ്ങളിൽ സംഭരിക്കപ്പെട്ടിരിക്കുന്ന വെള്ളം പ്രകൃതിദത്തമായ മൺ-പാറ തടയണകൾ തകരുന്നതോടെ പെട്ടെന്ന് പുറത്തേക്കൊഴുകുന്നതാണ് ഹിമാനി തടാകം പൊട്ടിയുണ്ടാകുന്ന പ്രളയം (ഗ്ലേഷ്യൽ ലേക്ക് ഔട്ട്ബർസ്റ്റ് ഫ്ലഡ്). കനത്ത മഴ, മണ്ണിടിച്ചിൽ, മഞ്ഞിടിച്ചിൽ, ഭൂകമ്പം, ഹിമാനികൾ വേഗത്തിൽ ഉരുകുന്നത് തുടങ്ങിയവ തടയണകൾ തകരാൻ കാരണമാകാം. ഇതിലൂടെ താഴ്ന്ന പ്രദേശങ്ങളിൽ അതിശക്തമായ വെള്ളപ്പാച്ചിലും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടാകാം.