ഐഐടി ഖരഗ്‌പുർ

 
India

ഐഐടി ഖരഗ്പുരിന് 50 ലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ച് ഗൂഗിൾ; ലക്ഷ്യം എഐ ഗവേഷണം

ഗൂഗിൾ സിഇഒയും ഐഐടി ഖരഗ്പുരിലെ പൂർവവിദ്യാർഥിയുമായ സുന്ദർ പിച്ചൈ ധനസഹായം ലഭ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായി ഐഐടി ഖരഗ്പുർ ഡയറക്റ്റർ

Sarath Nath MS

കോൽക്കത്ത: നിർമിതബുദ്ധി (എഐ) ഗവേഷണം ശക്തിപ്പെടുത്തുന്നതിനും വിദ്യാഭ്യാസ അവസരങ്ങൾ വിപുലീകരിക്കുന്നതിനുമായി ഐഐടി ഖരഗ്പുരിന് 50 ലക്ഷം ഡോളർ (ഏകദേശം 45 കോടി രൂപ) ധനസഹായം പ്രഖ്യാപിച്ച് ഗൂഗിൾ. സാങ്കേതികവിദ്യാ രംഗത്തെ പുതിയ തലമുറ പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിനും തുക വിനിയോഗിക്കും. പശ്ചിമ ബംഗാളിൽ സ്ഥിതിചെയ്യുന്ന ഐഐടി ഖരഗ്പുരിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നവംബർ 21നായിരുന്നു പ്രഖ്യാപനം.

ഗൂഗിൾ സിഇഒയും ഐഐടി ഖരഗ്പുരിലെ പൂർവവിദ്യാർഥിയുമായ സുന്ദർ പിച്ചൈ ധനസഹായം ലഭ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായി ഐഐടി ഖരഗ്പുർ ഡയറക്റ്റർ സുമൻ ചക്രവർത്തി പറഞ്ഞു. ഗൂഗിളിന്‍റെ പ്രഖ്യാപനത്തിൽ സന്തോഷമുണ്ടെന്നും പിച്ചൈ ഇതിന് സഹായിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ ഭാഷകൾ, കൃഷി, മെറ്റീരിയൽ സയൻസ്, വിദ്യാഭ്യാസ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ പ്രായോഗിക എഐ ഗവേഷണത്തിനാണ് പ്രധാനമായും തുക വിനിയോഗിക്കുക. ഉന്നത എഐ ഗവേഷണം, വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള എഐ പരിശീലനവും പാഠ്യപദ്ധതിയും വിപുലീകരിക്കൽ, ക്യാമ്പസിലെ എഐ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും വികസിപ്പിക്കൽ എന്നിവയ്ക്കായി ധനസഹായം ഉപയോഗിക്കും.

മറ്റൊരു പൂർവവിദ്യാർഥിയായ ജ്യോതി ചാറ്റർജിയും പുതിയ തലമുറ ഡാറ്റാ സംരംഭം വികസിപ്പിക്കുന്നതിനായി 50 ലക്ഷം ഡോളർ പ്രാരംഭ എൻഡോവ്മെന്‍റ് പ്രഖ്യാപിച്ചിട്ടുണ്ട്. എഐ അധിഷ്ഠിത നവീകരണ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും സാങ്കേതികവിദ്യാ രംഗത്തേക്ക് പ്രാവീണ്യമുള്ളവരെ വാർത്തെടുക്കാനുമുള്ള സ്ഥാപനത്തിന്‍റെ ശ്രമങ്ങൾക്ക് ഈ സംഭാവനകൾ കരുത്തുപകരുമെന്ന് ഡയറക്റ്റർ പറഞ്ഞു.