കെ.എൻ. നെഹ്റു
ചെന്നൈ: 634 കോടി രൂപയുടെ കോഴയ്ക്ക് പകരം സർക്കാർ ജോലി നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാവും മുൻമന്ത്രിയുമായ കെ.എൻ. നെഹ്റുവുമായി ബന്ധപ്പെട്ട തമിഴ്നാട്ടിലെ 25 കേന്ദ്രങ്ങളിൽ വിജിലൻസ് വ്യാഴാഴ്ച പരിശോധന ആരംഭിച്ചു. നെഹ്റുവിനും മറ്റുള്ളവർക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നടപടി.
വിജിലൻസ് ഉദ്യോഗസ്ഥർ രേഖകളും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും പരിശോധിച്ചുവരികയാണ്. പണമിടപാടുകളുടെ ഉറവിടവും നിയമനപ്രക്രിയയുമായി ബന്ധപ്പെട്ട തെളിവുകളും കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.
മദ്രാസ് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 2025 ഒക്റ്റോബറിലാണ് ക്രമക്കേടുകൾ സംബന്ധിച്ച വിവരങ്ങൾ ഇഡി സംസ്ഥാന പൊലീസിന് കൈമാറിയത്.
നെഹ്റു മന്ത്രിയായിരുന്ന കാലയളവിൽ മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ആൻഡ് വാട്ടർ സപ്ലൈ (എംഎഡബ്ല്യുഎസ്) വകുപ്പിൽ സർക്കാർ ജോലി ലഭിക്കുന്നതിനായി ഉദ്യോഗാർഥികളിൽ നിന്ന് ആസൂത്രിതമായി കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.
മദ്രാസ് ഹൈക്കോടതിയുടെ ഒക്റ്റോബർ 26ലെ ഉത്തരവിനെ ചോദ്യം ചെയ്ത് നെഹ്റു സുപ്രീം കോടതിയിൽ പ്രത്യേകാനുമതി ഹർജി (എസ്എൽപി) സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പരിശോധന. എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെതിരായ പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളിയ ഉത്തരവിനെതിരെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.