വീട്ടുകാർക്കൊപ്പം ദീപാവലി ആഘോഷിക്കാം; 143 തടവുകാർ‌ക്ക് പരോൾ അനുവദിച്ച് ഗുജറാത്ത് സർക്കാർ

 
India

വീട്ടുകാർക്കൊപ്പം ദീപാവലി ആഘോഷിക്കാം; 143 തടവുകാർ‌ക്ക് പരോൾ അനുവദിച്ച് ഗുജറാത്ത് സർക്കാർ

60 വയസിന് മുകളിലുള്ള 103 പുരുഷന്മാർക്കും 40 സ്ത്രീകൾക്കുമാണ് പരോൾ അനുവദിച്ചിരിക്കുന്നത്

Namitha Mohanan

ഗാന്ധിനഗർ: ഗുജറാത്തിലെ തടവുകാർക്ക് ദീപാവലി ആഘോഷിക്കാൻ പരോൾ അനുവദിച്ച് സർക്കാർ. സംസ്ഥാനത്തുടനീളം ജയിലിൽ കഴിയുന്ന അർഹരായ 143 തടവുകാർക്ക് 15 ദിവസത്തെ പരോൾ നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

2026 നവംബർ 6 മുതൽ ഈ പരോൾ ആരംഭിക്കും. ഇതിൽ 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള 103 പുരുഷന്മാരും 40 സ്ത്രീകളും ഉൾപ്പെടുന്നു. തടവുകാരുടെ ക്ഷേമത്തിനായുള്ള നടപടികളുടെയും ജയിൽ പരിഷ്കരണ പരിപാടികളുടെയും ഭാഗമായാണ്, കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാൻ തടവുകാർക്ക് അവസരം നൽകാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചത്.

ഡെപ്യൂട്ടി മുഖ്യമന്ത്രി ഹർഷ് സംഘവിയുടെ മേൽനോട്ടത്തിലാണ് സംസ്ഥാനത്തെ വിവിധ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്ന അർഹരായ 143 തടവുകാരെ കണ്ടെത്തിയത്. 2003 മുതൽ, എല്ലാ വർഷവും ദീപാവലിക്ക് അർഹരായ തടവുകാർക്ക് സംസ്ഥാന സർക്കാർ 15 ദിവസത്തെ പരോൾ നൽകിവരുന്നുണ്ട്. അർഹരായ വനിതാ തടവുകാർക്കും, 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള പുരുഷ തടവുകാർക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക.