ഹരിദ്വാർ കുംഭമേള 2027; ഔദ്യോഗിക ലോഗോയും ഗാനവും വെബ്സൈറ്റും പുറത്തിറക്കി
ഡെറാഢൂൺ: ഹരിദ്വാർ കുംഭമേള (അർധ കുംഭമേള) 2027-ന്‍റെ ഔദ്യോഗിക ലോഗോയും വെബ്സൈറ്റും ഗാനവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി തിങ്കളാഴ്ച പുറത്തിറക്കി. ഗംഗ, ഹർ കി പൗഡി മേഖല, ധനുഷ് പാലം, സൂര്യോദയത്തിന്‍റെ ദിവ്യപ്രഭ എന്നിവയാണ് ലോഗോയിലെ പ്രധാന ഘടകങ്ങൾ. ശിവപ്രതിമ, സന്യാസിമാർ, ഋഷിമാർ, സനാതന പാരമ്പര്യത്തിന്റെ പ്രതീകങ്ങളായ ത്രിശൂലം, ഡമരു എന്നിവയ്ക്കൊപ്പം മൻസാദേവി, ചണ്ഡീദേവി ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന കുന്നുകളും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2027 ജനുവരി 14 മുതൽ ഏപ്രിൽ 20 വരെയാണ് ഹരിദ്വാർ കുംഭമേള. കുംഭമേളയുടെ ലോഗോ രൂപകൽപ്പന ചെയ്യുന്നതിനായി സംസ്ഥാനത്തെ യുവാക്കളിൽ നിന്നും വിദ്യാർഥികളിൽ നിന്നും മേളാ ഭരണകൂടം എൻട്രികൾ ക്ഷണിച്ചിരുന്നു. നൂറുകണക്കിന് എൻട്രികളിൽ നിന്ന് ലഭിച്ച 13 ഒറിജിനൽ ഡിസൈനുകൾ പരിശോധിച്ച സെലക്ഷൻ കമ്മിറ്റി ഹരിദ്വാറിലെ ജഗ്ജിത്‌പുരിൽ താമസിക്കുന്ന മധു ശർമ സമർപ്പിച്ച രൂപകൽപ്പനയാണ് തെരഞ്ഞെടുത്തത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഔദ്യോഗിക ലോഗോ അന്തിമമാക്കിയത്.
ഇന്ത്യയുടെ പുരാതന ആത്മീയ പാരമ്പര്യത്തിന്‍റെയും സനാതന സംസ്കാരത്തിന്‍റെയും ജനവിശ്വാസത്തിന്‍റെയും മഹത്തായ ആഘോഷമാണ് കുംഭമേളയെന്ന് മുഖ്യമന്ത്രി ധാമി പറഞ്ഞു. ദശലക്ഷക്കണക്കിന് ഭക്തർക്ക് ഹരിദ്വാർ കുംഭമേളയ്ക്ക് വലിയ മതപരമായ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2027-ലെ കുംഭമേള ദിവ്യവും പ്രൗഢഗംഭീരവുമായി സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പരിപാടി സുരക്ഷിതമായും ചിട്ടയായും എല്ലാവർക്കും പ്രാപ്യമാകുന്ന രീതിയിലും നടത്തുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കും. കുംഭമേളയുടെ തനിമ ഫലപ്രദമായി അവതരിപ്പിക്കാനും ഭക്തരെയും പൊതുജനങ്ങളെയും പരിപാടിയുമായി ബന്ധിപ്പിക്കാനും ഔദ്യോഗിക ലോഗോയും വെബ്സൈറ്റും ഗാനവും നിർണായക പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുംഭമേളയുമായി ബന്ധപ്പെട്ട ആധികാരിക വിവരങ്ങൾ ഭക്തർക്കും സന്ദർശകർക്കും പൊതുജനങ്ങൾക്കും ഔദ്യോഗിക വെബ്സൈറ്റിലൂടെ ലഭ്യമാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. വെബ്സൈറ്റ്: https://haridwarkumbh.uk.gov.in/