ഹാരി ബോക്സർ

 
India

യുഎസിൽ പിടിയിലായ ലോറൻസ് ബിഷ്ണോയിയുടെ അനുയായി ഹാരി ബോക്സർക്കെതിരേ ഇന്ത്യയിൽ നിരവധി കേസുകൾ

രാജസ്ഥാൻ, ഹരിയാന, ഡൽഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, മുംബൈ, പുനെ എന്നിവിടങ്ങളിൽ നിരവധി വെടിവയ്പ്പ്, ഭീഷണിപ്പെടുത്തൽ കേസുകളിൽ പ്രതിയാണ് ഹാരി

Sarath Nath MS

ചണ്ഡിഗഢ്: അമെരിക്കയിൽ പിടിയിലായ ലോറൻസ് ബിഷ്ണോയി സംഘത്തിലെ അംഗം ഹാരി ബോക്സർക്കെതിരേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകൾ. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റാണ് കാലിഫോർണിയയിൽ വച്ച് ഹാരിയെ പിടികൂടിയത്. ഇയാളെ ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് രാജസ്ഥാൻ പൊലീസ് പറഞ്ഞു.

രാജസ്ഥാനിലെ കോട്ട്പുട്ട്ലി-ബെഹ്റൂർ ജില്ലയിലെ ചതർപുര ഗ്രാമസ്വദേശിയാണ് 40കാരനായ ഹാരി ബോക്സർ. വിദേശത്തിരുന്ന് ഇന്ത്യയിൽ കുറ്റകൃത്യങ്ങൾ നടപ്പാക്കുകയാണ് ഇയാളുടെ രീതി. ലോറൻസ് ബിഷ്ണോയി-രോഹിത് ഗോഡര സംഘത്തിന് ആയുധങ്ങൾ വിതരണം ചെയ്യുന്നതിലും മുഖ്യ പങ്കുവഹിക്കുന്നുണ്ട്.

രാജസ്ഥാൻ, ഹരിയാന, ഡൽഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, മുംബൈ, പുനെ എന്നിവിടങ്ങളിൽ നിരവധി വെടിവയ്പ്പ്, ഭീഷണിപ്പെടുത്തൽ കേസുകളിൽ പ്രതിയാണ് ഹാരി ബോക്സറെന്ന് രാജസ്ഥാൻ ആന്‍റി ഗാങ്സ്റ്റർ ടാസ്ക് ഫോഴ്സ് അഡിഷണൽ ഡയറക്റ്റർ ജനറൽ എം.എൻ. ദിനേഷ് പറഞ്ഞു. ഹരിയാനയിൽ ജിം ഉടമയുടെ കൊലപാതകം ഉൾപ്പെടെ കുറഞ്ഞത് ഏഴ് കേസുകൾ ഹാരിക്കെതിരെയുണ്ടെന്ന് ഹരിയാന പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ജൂണിൽ ഹരിയാനയിലെ ഹാൻസിയിലാണ് ജിം ഉടമയെ ബൈക്കിലെത്തിയ രണ്ട് പേർ വെടിവച്ച് കൊന്നത്.

സംഘടിതമായ കുറ്റകൃത്യങ്ങൾ നടത്തുന്നവർക്കെതിരേ ഹരിയാന പൊലീസിന്‍റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് അടുത്തിടെ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. അയൽസംസ്ഥാനങ്ങളായ പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ പൊലീസുമായി സഹകരിച്ചാണ് ഇതിനുള്ള നടപടികൾ സ്വീകരിക്കുന്നത്.