വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ ഡൽഹി പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി ഹാർവാഡ് വിദ്യാർഥി സംഘടന

 
India

വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ ഡൽഹി പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി യുഎസിലെ വിദ്യാർഥി സംഘടന

ഇന്ത്യയിലെ വോട്ടർപട്ടികയിൽ നിന്ന് 13 കോടിയിലധികം പേരുകൾ ഒഴിവാക്കിയതിനെക്കുറിച്ചും ഹാർവാഡ് കെന്നഡി സ്കൂളിലെ വിദ്യാർഥി സംഘടന ആശങ്കയുയർത്തി

Sarath Nath MS

ന്യൂയോർക്ക്/ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടും തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ ഉന്നയിച്ചും ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎസിലെ ഹാർവാഡ് കെന്നഡി സ്കൂളിലെ വിദ്യാർഥി സംഘടനയായ കാസ്റ്റ്ലെസ് കോക്കസ്. വോട്ടർപട്ടിക പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കുന്ന നടപടികളിൽ ആശങ്ക പ്രകടിപ്പിച്ച സംഘടന, ശനിയാഴ്ചത്തെ പ്രതിഷേധത്തിനിടെ അന്യായമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു.

ജന്തർ മന്തറിലേക്ക് മാർച്ച് നടത്താനുള്ള കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ നീക്കം സുരക്ഷാസേന തടഞ്ഞതിനെ തുടർന്ന് ആയിരക്കണക്കിന് പ്രതിഷേധക്കാരെയാണ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവരടക്കം നിരവധി പേരെ ഞായറാഴ്ചയോടെ വിട്ടയച്ചു. എന്നാൽ, പ്രതിഷേധത്തിനിടെ എത്ര പേരെ കസ്റ്റഡിയിലെടുത്തെന്ന കണക്ക് ഡൽഹി പൊലീസ് പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ വർഷം മുതൽ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) നടപടികളിലൂടെ ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായി വോട്ടർപട്ടികയിൽ മാറ്റം വരുത്തുന്നുവെന്നാണ് സിജെപിയുടെ ആരോപണം. ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും നിഷേധിച്ചിട്ടുണ്ട്. മരിച്ചവരുടെയും ഇരട്ടപ്പേരുകളുള്ളവരുടെയും വോട്ടർപട്ടികയിൽ ഉൾപ്പെടാൻ അർഹതയില്ലാത്തവരുടെയും പേരുകൾ നീക്കുന്നതിനുള്ള പതിവ് നടപടിയാണ് എസ്ഐആർ എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിശദീകരണം. രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആരോപണവും കമ്മിഷൻ നിഷേധിച്ചിട്ടുണ്ട്. എന്നാൽ, ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളോട് കമ്മിഷൻ പ്രതികരിച്ചിട്ടില്ല.

ഇന്ത്യയിലെ വോട്ടർപട്ടികയിൽ നിന്ന് 13 കോടിയിലധികം പേരുകൾ ഒഴിവാക്കിയതിനെക്കുറിച്ചും ഹാർവാഡ് കെന്നഡി സ്കൂളിലെ വിദ്യാർഥി സംഘടന ആശങ്കയുയർത്തി. പൗരന്മാരും സിവിൽ സമൂഹ സംഘടനകളും പ്രതിപക്ഷ പാർട്ടികളും ഉന്നയിച്ച ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ പരസ്യമായി മറുപടി നൽകണമെന്നും ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള നിവേദനങ്ങളിൽ നിലപാട് വ്യക്തമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

പ്രതിഷേധക്കാരെയും മാധ്യമപ്രവർത്തകരെയും വിദ്യാർഥി നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തതിലൂടെ സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം അടിച്ചമർത്തിയതിനെ ശക്തമായി അപലപിക്കുന്നതായി സംഘടന പ്രസ്താവനയിൽ പറഞ്ഞു. നിയമവിരുദ്ധമായി കസ്റ്റഡിയിൽ കഴിയുന്ന എല്ലാ പ്രതിഷേധക്കാരെയും വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു.

വോട്ടർപട്ടിക പരിഷ്കരണത്തിൽ സ്വതന്ത്ര അന്വേഷണം നടത്തുക, തൽക്കാലത്തേക്ക് 2025 ജനുവരിയിലെ വോട്ടർപട്ടിക പുനഃസ്ഥാപിക്കുക, തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം സംബന്ധിച്ച 2023ലെ നിയമം പിൻവലിക്കുക എന്നീ ആവശ്യങ്ങളും സംഘടന മുന്നോട്ടുവച്ചു. സംഘടനയിലെ പൂർവവിദ്യാർഥിയും സിജെപിയുടെ നയവിഭാഗം മേധാവിയുമായ മെഹർ പസ്രീച്ചയ്ക്കും പിന്തുണ പ്രഖ്യാപിച്ചു.

പ്രതിഷേധത്തിനിടെ വ്യാപകമായി ആളുകളെ കസ്റ്റഡിയിലെടുത്തതിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗവും ശനിയാഴ്ച ആശങ്ക പ്രകടിപ്പിച്ചിരുന്നു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം മാനിക്കണമെന്നും ഏകപക്ഷീയമായി കസ്റ്റഡിയിലെടുത്തവരെ ഉടൻ വിട്ടയക്കണമെന്നും ഇന്ത്യയോട് ആവശ്യപ്പെട്ടു.

എന്നാൽ, യുഎൻ മനുഷ്യാവകാശ വിഭാഗത്തിന്‍റെ പരാമർശങ്ങൾ അനുചിതവും രാജ്യത്തിന്‍റെ ആഭ്യന്തരകാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലുമാണെന്ന് ജനീവയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പ്രതികരിച്ചു. പൊതുസമാധാനത്തിന്‍റെ താൽപര്യത്തിൽ ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമായി സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.