മഹുവ മൊയ്ത്ര
കോൽക്കത്ത: വിദ്വേഷ പ്രസംഗ കേസിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ നിയമ നടപടികൾക്കുള്ള ഇടക്കാല സംരക്ഷണം കൽക്കട്ട ഹൈക്കോടതി 2027 ജനുവരി 29 വരെ നീട്ടി.
കേസിൽ പശ്ചിമ ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ സുരോജിത് നാഥ് മിത്ര കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഓഗസ്റ്റ് 14ന് നാദിയ ജില്ലയിലെ ഹൊഗൽബേറിയ പൊലീസ് സ്റ്റേഷനിൽ മഹുവ ഹാജരായെന്നും അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടിൽ അറിയിച്ചു.
ഓഗസ്റ്റ് 14ന് പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോൾ മഹുവയ്ക്ക് നേരെ മുട്ടയെറിഞ്ഞിട്ടില്ലെന്ന് അവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നാദിയ ജില്ലയിലെ കൃഷ്ണനഗർ മണ്ഡലത്തിൽ സന്ദർശനം നടത്തുമ്പോഴെല്ലാം തനിക്കെതിരേ ഇത്തരം ആക്രമണങ്ങൾ നടക്കാറുണ്ടെന്ന് മഹുവ നേരത്തെ ആരോപിച്ചിരുന്നു.
ഇരുപക്ഷത്തിന്‍റെയും വാദം കേട്ട ജസ്റ്റിസ് സൗഗത ഭട്ടാചാര്യയാണ് ഇടക്കാല സംരക്ഷണം 2027 ജനുവരി 29 വരെ നീട്ടിയത്. കേസിൽ അടുത്ത വാദം ജനുവരി 13ന് നടക്കും.
ഹൊഗൽബേറിയ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കൃഷ്ണനഗർ എംപിയായ മഹുവ കോടതിയെ സമീപിച്ചത്. തനിക്കെതിരേ കെട്ടിച്ചമച്ചതും പ്രേരിതവുമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും അവർ ഹർജിയിൽ ആരോപിച്ചു.
ജൂലൈ 21ന് ഇടക്കാല സംരക്ഷണം അനുവദിച്ച കോടതി, ഓഗസ്റ്റ് 14ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ മഹുവയോട് നിർദേശിച്ചിരുന്നു. നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കുന്ന സാഹചര്യത്തിൽ ഒക്റ്റോബർ 5 വരെ നിയമ നടപടികൾ സ്വീകരിക്കരുതെന്നും കോടതി അന്ന് നിർദേശിച്ചിരുന്നു.
അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകുമ്പോൾ മഹുവയ്ക്ക് നേരെ മുട്ടയെറിയുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ പൊലീസ് അധികൃതർ നടപടി സ്വീകരിക്കണമെന്നും ജൂലൈ 21ലെ ഉത്തരവിൽ കോടതി നിർദേശിച്ചിരുന്നു.