ഇമ്രാൻ ഖാൻ

 
India

രാജ‍്യം വിടണമെന്ന മുംബൈ പൊലീസിന്‍റെ നോട്ടീസിനെതിരേ നടൻ ഇമ്രാൻ ഖാൻ സമർപ്പിച്ച ഹർജിയിൽ കോടതി ഒക്റ്റോബർ 28ന് വാദം കേൾക്കും

ബോംബെ ഹൈക്കോടതിയാണ് കേസിൽ വാദം കേൾക്കുന്നത്

Aswin AM

മുംബൈ: സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തതിന് രാജ‍്യം വിടണമെന്ന മുംബൈ പൊലീസിന്‍റെ നോട്ടീസിനെതിരേ നടൻ ഇമ്രാൻ ഖാൻ സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി ഒക്റ്റോബർ 26ന് പരിഗണിക്കും.

നടനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വെങ്കിടേഷ് ധോണ്ട് തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്ന എന്നിവർ അടങ്ങിയ ബെഞ്ചിന് മുന്നിൽ ഹർജി അവതരിപ്പിക്കുകയും അടിയന്തരമായി വാദം കേൾക്കണമെന്ന് അഭ‍്യർഥിക്കുകയുമായിരുന്നു.

തുടർന്നാണ് ഒക്റ്റോബർ 28ന് വാദം കേൾക്കുമെന്ന് കോടതി അറിയിച്ചത്. കേസ് നേരത്തെ പരിഗണിക്കണമെന്നായിരുന്നു അഭിഭാഷകന്‍റെ ആവശ‍്യം. എന്നാൽ ഇമ്രാൻ ഖാനെതിരേ മറ്റേതെങ്കിലും ക്രിമിനൽ കേസ് ഉണ്ടോയെന്നും കോടതി ചോദിച്ചു. അതിന് ഇല്ലെന്നായിരുന്നു അഭിഭാഷകന്‍റെ മറുപടി.

‌രണ്ടു വയസ് മുതൽ നടൻ ഇന്ത‍്യയിലാണ് താമസിക്കുന്നതെന്നും ഒരു പ്രതിഷേധ പരിപാടിയിലും അദ്ദേഹം പങ്കെടുത്തിട്ടില്ലെന്നും പകുതി ദൂരമെത്തിയപ്പോഴേക്കും പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയയ്ക്കുകയുമായിരുന്നുവെന്ന് അഭിഭാഷകന്‍ വെങ്കിടേഷ് ധോണ്ട് പറഞ്ഞു.

മഹാരാഷ്ട്ര സർക്കാരിനെ ഹർജിയിൽ എതിർകക്ഷിയായി ചേർക്കാൻ നടനോട് കോടതി നിർദേശിച്ചു. മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ‍്യപ്പെട്ട് മുംബൈയിൽ നടന്ന സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് ഇമ്രാൻ ഖാനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്.