പ്രതീകാത്മക ചിത്രം

 
India

നേപ്പാളിൽ കനത്ത മഞ്ഞുവീഴ്ച; ആറ് ഇന്ത്യൻ വിനോദസഞ്ചാരികൾ കുടുങ്ങി

സുരക്ഷാസേനയുടെയും ഒപ്പമുണ്ടായിരുന്ന നേപ്പാളി ഗൈഡിന്‍റെയും മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഇന്ത്യൻ സംഘം അപകടമേഖലയിലേക്ക് പോയതെന്ന് അധികൃതർ അറിയിച്ചു

Sarath Nath MS

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ആറ് ഇന്ത്യൻ വിനോദസഞ്ചാരികൾ കുടുങ്ങി. രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തെ രക്ഷപ്പെടുത്താൻ സുരക്ഷാസേനയുടെ നേതൃത്വത്തിൽ ശ്രമം തുടരുകയാണെന്ന് അധികൃതർ ഞായറാഴ്ച അറിയിച്ചു.

മൗമിത ഹാൽദർ, പിയാലി കോലെ, ജജ്ല ത്രിവേദി കുമാർ, ആദിത്യ സിംഗ, ദിപ്ലിന ബിശ്വാസ്, രാജേഷ് ദേ എന്നിവരാണ് കുടുങ്ങിയ വിനോദസഞ്ചാരികൾ. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഷേയ്-ഫോക്സുണ്ടോ ദേശീയോദ്യാന മേഖലയിൽ ഇവർ കുടുങ്ങിയത്.

ഡോൽപ ജില്ലയിലെ ഷേയ് ഫോക്സുണ്ടോ റൂറൽ മുനിസിപ്പാലിറ്റിയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് പ്രദേശം പൂർണമായും മഞ്ഞിൽ മൂടിയിരിക്കുകയാണെന്ന് ഡോൽപ ചീഫ് ജില്ലാ ഓഫീസർ ജുനു ധക്കൽ പറഞ്ഞു. വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്ന സ്ഥലം കണ്ടെത്തിയതായും അവരെ രക്ഷപ്പെടുത്താൻ സൈനിക ഹെലികോപ്റ്റർ എത്തിക്കൊണ്ടിരിക്കുകയാണെന്നും ധക്കൽ വ്യക്തമാക്കി.

സുരക്ഷാസേനയുടെയും ഒപ്പമുണ്ടായിരുന്ന നേപ്പാളി ഗൈഡിന്‍റെയും മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഇന്ത്യൻ സംഘം അപകടമേഖലയിലേക്ക് പോയതെന്ന് അധികൃതർ അറിയിച്ചു. കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിലും ഗൈഡിനെ വിട്ട് വിനോദസഞ്ചാരികൾ തടാകമേഖലയിലേക്ക് മുന്നോട്ടുപോവുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ ഇവരുമായുള്ള ആശയവിനിമയം തടസപ്പെട്ടു. വിനോദസഞ്ചാരികൾ മഞ്ഞുവീഴ്ചയിൽ കുടുങ്ങിയിരിക്കാമെന്ന് അറിയിച്ച് ഗൈഡ് ശനിയാഴ്ച വൈകിട്ട് ഡോൽപ ജില്ലാ ഭരണകൂടത്തെ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഞായറാഴ്ച രാവിലെയോടെ ഇവരുമായുള്ള ആശയവിനിമയം പൂർണമായും നിലച്ചു.

നേപ്പാളിലെ ഏറ്റവും ആഴമേറിയ തടാകമായ ഷേയ് ഫോക്സുണ്ടോ സമുദ്രനിരപ്പിൽ നിന്ന് 3,600 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 145 മീറ്ററാണ് തടാകത്തിന്‍റെ ആഴം.