കേദാർനാഥിലേക്ക് പോയ ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് ടെഹ്‌രിയിൽ ഇറക്കി

 
India

കേദാർനാഥിലേക്ക് പോയ ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് ടെഹ്‌രിയിൽ ഇറക്കി; തീർഥാടകർ സുരക്ഷിതർ

ഹെലികോപ്റ്ററിലുണ്ടായിരുന്ന ആറ് യാത്രക്കാരും പൈലറ്റും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു

Sarath Nath MS

ന്യൂ ടെഹ്‌രി: മുംബൈയിൽ നിന്ന് ആറ് തീർഥാടകരുമായി കേദാർനാഥ് ക്ഷേത്രത്തിലേക്ക് പോയ സ്വകാര്യ ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് ഉത്തരാഖണ്ഡിലെ ന്യൂ ടെഹ്‌രിയിൽ അടിയന്തരമായി ഇറക്കി. ശനിയാഴ്ച രാവിലെ എട്ടോടെയാണ് ന്യൂ ടെഹ്‌രിയിലെ ബൗറാഡി സ്റ്റേഡിയത്തിൽ ഹെലികോപ്റ്റർ ഇറക്കിയത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന ആറ് യാത്രക്കാരും പൈലറ്റും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

ട്രാൻസ് ഭാരത് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററിനാണ് സാങ്കേതിക തകരാർ ഉണ്ടായത്. ഗുപ്തകാശിയിലേക്കുള്ള യാത്രയ്ക്കിടെയാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഉടൻ തന്നെ ഹെലികോപ്റ്റർ സമീപത്തെ സ്റ്റേഡിയത്തിൽ ഇറക്കുകയായിരുന്നു. തകരാർ പരിശോധിച്ച് പരിഹരിച്ചശേഷം ഹെലികോപ്റ്റർ വീണ്ടും യാത്ര തുടർന്നു. അടിയന്തര സാഹചര്യമുണ്ടായിരുന്നില്ലെന്നും മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഹെലികോപ്റ്റർ ഇറക്കിയതെന്നും പൈലറ്റ് വ്യക്തമാക്കിയതായി ന്യൂ ടെഹ്‌രി കോട്വാലി പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥ ഐശ്വര്യ പാൽ പറഞ്ഞു.