ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിചുരുക്കാൻ ഹിമാചൽ സർക്കാർ

 
India

ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിച്ചുരുക്കാൻ ഹിമാചൽ സർക്കാർ

ഭരണചെലവ് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് സർക്കാരിന്‍റെ ഈ നീക്കം

Sarath Nath MS

ഷിംല: ഭരണചെലവ് കുറയ്ക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്), ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്എസ്), ഇന്ത്യന്‍ പൊലീസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാന്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ആലോചിക്കുന്നു.

നിലവിലെ 153 ഐഎഎസ് ഉദ്യോഗസ്ഥരുടെ എണ്ണം 130 ആയി കുറയ്ക്കാനാണ് നിര്‍ദേശം. 118 ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ എണ്ണം 83 ആക്കാനും തീരുമാനമുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥരുടെ എണ്ണം എത്രയായി കുറയ്ക്കുമെന്നത് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

''യഥാര്‍ഥത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ ആവശ്യമായ എണ്ണം 100നും 110നും ഇടയിലായിരിക്കണം. എന്നാല്‍ 23 പേരെ മാത്രം കുറയ്ക്കാനാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഉദ്യോഗസ്ഥരുടെ ഒരു വലിയ സേനയല്ല ആവശ്യം. സര്‍ക്കാരിന്‍റെ നയങ്ങളും പദ്ധതികളും ഫലപ്രദമായി നടപ്പാക്കുന്ന ഉദ്യോഗസ്ഥരാണ് വേണ്ടത്''- മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു പറഞ്ഞു. അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകാനുള്ള അവസരം സര്‍ക്കാര്‍ തുടര്‍ന്നും നല്‍കുമെന്നും അതിനായി ഉടന്‍ ഉത്തരവ് പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ഔദ്യോഗിക നിര്‍ദേശം ഉടന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. നിലവില്‍ 20ലധികം ഐഎഎസ് ഉദ്യോഗസ്ഥരും ഒരു ഡസനിലധികം ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരും ഡെപ്യൂട്ടേഷനിലാണ്.

സംസ്ഥാനത്തേക്ക് കൂടുതല്‍ കേന്ദ്ര സര്‍വീസ് ഉദ്യോഗസ്ഥരെ അനുവദിക്കരുതെന്നും കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. ശമ്പളം, ക്ഷാമബത്ത, അനുബന്ധ ജീവനക്കാരുടെ ചെലവ്, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഒരു ഉദ്യോഗസ്ഥന് പ്രതിവര്‍ഷം 40 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ ചെലവ് വരുന്നതായാണ് കണക്കാക്കുന്നത്.

14 മുഖ്യമന്ത്രിമാർ ക്രിമിനൽ കേസിൽ പ്രതികൾ!! വി.ഡി. സതീശനെതിരേ 18 കേസുകൾ!

നീറ്റ് പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം; അന്വേഷണത്തിന് ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

മോമോസും ഫ്രഞ്ച് ഫ്രൈസും കഴിച്ചതിനു പിന്നാലെ വയറുവേദനയും ഛർദിയും; 2 വിദ‍്യാർഥികൾ മരിച്ചു

ഒഡീശയിലെ പ്രളയക്കെടുതി; 13 പേർക്ക് ജീവൻ നഷ്ടമായി

ഇന്ത്യക്കെതിരേ ശ്രീലങ്കയ്ക്ക് 372 റൺസ് വിജയലക്ഷ്യം