മല്ലികാർജുൻ ഖാർഗെ
file image
ന്യൂഡൽഹി: ദീപാവലിയെ 'ഖുശിയോം കി ഈദ്' എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിനെതിരേ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). ഹിന്ദു പാരമ്പര്യങ്ങളെ പരിഹസിക്കുന്നതാണ് ഖാർഗെയുടെ പരാമർശമെന്നും ഹിന്ദു ആഘോഷങ്ങൾ കോൺഗ്രസിന് അഭിമാനത്തിനുപകരം നാണക്കേടിന്റെ വിഷയമായി മാറിയെന്നും വിഎച്ച്പി ആരോപിച്ചു.
കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയം അങ്ങേയറ്റം നിന്ദ്യമായ അവസ്ഥയിലെത്തിയെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ എക്സിൽ കുറിച്ചു. ദീപാവലി ആശംസകൾ നേർന്നുകൊണ്ട് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇന്ത്യയിലെ എല്ലാവരും ആഘോഷിക്കുന്ന പ്രധാന ഉത്സവമാണ് ദീപാവലിയെന്നും അത് 'ഖുശിയോം കി ഈദ്' ആണെന്നും ഖാർഗെ വിശേഷിപ്പിച്ചത്.
ദീപാവലിയെ ഈദ് എന്ന് വിളിച്ചത് അങ്ങേയറ്റം നിർഭാഗ്യകരവും ലജ്ജാകരവും അപലപനീയവുമാണെന്ന് വിനോദ് ബൻസാൽ പറഞ്ഞു. ഹിന്ദു സമൂഹത്തെ ഒന്നാകെ അപമാനിക്കാനുള്ള കോൺഗ്രസിന്റെ മറ്റൊരു ഗൂഢനീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ ഹിന്ദു ഭൂരിപക്ഷത്തിന്റെ വികാരങ്ങളെ മാനിക്കാൻ പോലും തയ്യാറാകാത്ത വിധം കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയം അധഃപതിച്ചോയെന്ന് ബൻസാൽ ചോദിച്ചു. ഹിന്ദു ആഘോഷങ്ങളെയും സനാതന സംസ്കാരത്തെയും ഇല്ലാതാക്കാനുള്ള പോരാട്ടത്തിൽ ഇന്ത്യാ സഖ്യത്തിലെ സനാതന വിരുദ്ധ കക്ഷികൾക്കൊപ്പം കോൺഗ്രസും ചേർന്നിട്ടുണ്ടോയെന്ന് പാർട്ടി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് വെറുമൊരു പ്രസ്താവനയല്ലെന്നും കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തെയും വികാരത്തെയും ബാധിക്കുന്ന വിഷയമാണെന്നും വിഎച്ച്പി വക്താവ് പറഞ്ഞു.