ചിത്രത്തിൽ നിന്നും
ന്യൂഡൽഹി: നിതേഷ് തിവാരിയുടെ സംവിധാനത്തിൽ അടുത്തിടെ തിയെറ്ററിലെത്തി ആഗോളത്തലത്തിൽ 1,540 കോടി ബോക്സ് ഓഫിസിൽ നിന്നും കളക്ഷൻ വാരിയ ചിത്രമാണ് രാമായണ. ഇപ്പോഴിതാ ചിത്രത്തിനെതിരേ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദു സംഘടനയായ ഹിന്ദു ജനജാഗ്രതി സമിതി.
ചിത്രത്തിൽ ശ്രീരാമനെയും ലക്ഷ്മണനെയും പരമ്പരാഗത സങ്കൽപ്പങ്ങൾക്ക് വിരുദ്ധമായി ചിത്രീകരിച്ചെന്നും കമ്മ്യൂണിസ്റ്റ് അജൻഡ പ്രചരിപ്പിക്കുന്നുവെന്നുമാണ് വിമർശനം. സംഘടനയുടെ വക്താവ് മനോജ് സോളങ്കിയാണ് വിമർശനവുമായി രംഗത്തെത്തിയത്.
സിനിമ ഹിന്ദുക്കളോട് ബഹിഷ്കരിക്കണമെന്നു പറഞ്ഞ മനോജ് സോളങ്കി ഇത്തരത്തിൽ വളച്ചൊടിക്കലുകൾ ആവർത്തിക്കുകയാണെങ്കിൽ രണ്ടാം ഭാഗത്തിനെതിരേ രാജ്യമെമ്പാടും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കൂട്ടിച്ചേർത്തു. രാവണനെ മഹത്വവൽകരിക്കുന്നുവെന്നും വാത്മീകി രാമായണത്തിൽ നിന്നും വ്യത്യസ്തമായാണ് ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതെന്നും പറഞ്ഞു.
ചിത്രത്തിൽ മതപരമായ വശങ്ങൾ വേണ്ടത്ര പരിശോധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സോളങ്കി സെൻസർ ബോർഡിനെയും വിമർശിച്ചു. ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നതിന് മുൻപ് ഹിന്ദു സന്യാസിമാർക്ക് പ്രദർശനത്തിന് അനുമതി നൽകണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.