ഇന്റർനെറ്റ് സേവനം തടസപ്പെടുത്തിയതിൽ മാപ്പ് ചോദിച്ച് ആഭ്യന്തര സെക്രട്ടറി
ന്യൂഡൽഹി: സിജെപി പ്രതിഷേധം സംഘടിപ്പിച്ചിരുന്ന ഒക്റ്റോബർ 10ന് ഡൽഹിയിൽ ഇന്റർനെറ്റ് നിരോധിച്ചതിൽ നിരുപാധികം മാപ്പ് ചോദിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ. സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒക്റ്റോബർ 9ന് വൈകിട്ട് 10 മുതൽ ഒക്റ്റോബർ 10 വൈകിട്ട് 10 വര റൈസിന ഹിൽസിന്റെ 4 കിലോമീറ്റർ ചുറ്റളവിലാണ് ഇന്റർനെറ്റ് നിരോധിച്ചിരുന്നത്. അന്നേ ദിവസം സംഭവിച്ചതിൽ കോടതിയോട് നിരുപാധികം മാപ്പ് അപേക്ഷിക്കുന്നുവെന്നും അന്ന് കോടതിയുടെ മറ്റൊരു മാർഗനിർദേശങ്ങളും ലംഘിക്കപ്പെട്ടിട്ടില്ല എന്നു വ്യക്തമാക്കുന്നതിനായി രേഖകൾ സമർപ്പിക്കുന്നുവെന്നുമാണ് സത്യവാങ്മൂലത്തിൽ ഉള്ളത്.
അസാധാരണ സാഹചര്യത്തിൽ സമാധാനം നിലനിർത്തുന്നതിനായി താത്കാലികമായി ഇന്റർനെറ്റ് സേവനം സസ്പെൻഡ് ചെയ്യേണ്ട സാഹചര്യം വന്നുവെന്നും സത്യവാങ്മൂലത്തിൽ ഉണ്ട്.
ഡൽഹിയിലെ ഇന്റർനെറ്റ് നിരോധനത്തിൽ കേന്ദ്ര സർക്കാരിനെതിരേ സുപ്രീം കോടതി കോടതി അലക്ഷ്യ നോട്ടീസ് അയച്ചിരുന്നു.
ഇത്തരം സാഹചര്യങ്ങളിൽ ഇന്റർനെറ്റ് സേവനം സസ്പെൻഡ് ചെയ്യുന്നതിനുള്ള അനുവാദം നൽകിക്കൊണ്ട് മാർഗനിർദേശത്തിൽ മാറ്റം വരുത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.