ഗുജറാത്തിലെ കച്ചിൽ അപകടത്തിൽപ്പെട്ട കാർ

 
India

ഗുജറാത്തിൽ സൈനിക കുടുംബങ്ങൾ സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചു; മൂന്ന് കുട്ടികളടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം, അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഭുജിൽ ജോലി ചെയ്യുന്ന സൈനികരുടെ കുടുംബാംഗങ്ങളാണ് മരിച്ചത്

Sarath Nath MS

ഭുജ്: ഗുജറാത്തിലെ കച്ച് ജില്ലയിൽ ദേശീയപാതയിൽ അമിതവേഗത്തിലെത്തിയ ട്രക്ക് കാറിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് കുട്ടികളടക്കം ഏഴ് പേർ മരിച്ചു. ഭുജിൽ ജോലി ചെയ്യുന്ന സൈനികരുടെ കുടുംബാംഗങ്ങളാണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം.

ഉത്തരാഖണ്ഡിലെ ഗഡ്‌വാൾ സ്വദേശികളായ സൗരഭ് സിങ് നേകി (30), ഭാര്യ സവിത (30), ഇവരുടെ മൂന്ന് മാസം പ്രായമുള്ള മകൾ ശിവിക, രാജേഷ് സിങ് റാവത്ത് (35), മകൾ രക്ഷിത (7), റിങ്കി ഗോസൈൻ (30), മകൾ വാമിക (4) എന്നിവരാണ് മരിച്ചത്.

റാൻ ഓഫ് കച്ച് സന്ദർശിച്ച ശേഷം ഭുജിലേക്ക് മടങ്ങുകയായിരുന്ന കുടുംബങ്ങൾ സഞ്ചരിച്ച കാറിലാണ് ട്രക്കിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ രണ്ടായി പിളർന്നു. മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞ് ഉൾപ്പെടെ കാറിലുണ്ടായിരുന്ന ഏഴ് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തകർന്ന വാഹനത്തിനുള്ളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാൻ സാധിച്ചത്.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.