സിജെപി പ്രതിഷേധത്തിനിടെ വിദ്യാർഥികളെ മർദിച്ച സംഭവം; ഹിന്ദു രക്ഷാദൾ പ്രവർത്തകരായ നാല് പേർ അറസ്റ്റിൽ

 
India

സിജെപി പ്രതിഷേധത്തിനിടെ വിദ്യാർഥികളെ മർദിച്ച സംഭവം; ഹിന്ദു രക്ഷാദൾ പ്രവർത്തകരായ നാല് പേർ അറസ്റ്റിൽ

വലതുപക്ഷ സംഘടനയായ ഹിന്ദു രക്ഷാദളിന്‍റെ പ്രവർത്തകരാണെന്ന് അവകാശപ്പെട്ടവരാണ് അറസ്റ്റിലായത്

Sarath Nath MS

ന്യൂഡൽഹി: ഡൽഹിയിൽ ഒക്റ്റോബർ 10ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തിയ പ്രതിഷേധത്തിനിടെ വിദ്യാർഥികളെ മർദിക്കുകയും സ്ത്രീകളെ കൈയ്യേറ്റം ചെയ്യുകയും ചെയ്തെന്ന കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വലതുപക്ഷ സംഘടനയായ ഹിന്ദു രക്ഷാദളിന്‍റെ പ്രവർത്തകരാണെന്ന് അവകാശപ്പെട്ടവരാണ് അറസ്റ്റിലായത്.

രമൺ സൈനി (50), വിവേക് എന്ന വിവേകാനന്ദ് (32), കപിൽ കുമാർ (27), ഗോവിന്ദ് ഹിന്ദു എന്ന രവീന്ദർ സിങ് (35) എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കമല മാർക്കറ്റ് പൊലീസ് സ്റ്റേഷന്‍റെ പരിധിയിൽ വരുന്ന ദീൻ ദയാൽ ഉപാധ്യായ (ഡിഡിയു) മാർഗിലാണ് അക്രമം നടന്നത്. വിദ്യാർഥികളെ മർദിക്കുന്നതും സ്ത്രീകളെ തള്ളുകയും അടിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവം നടക്കുമ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥൻ സ്ഥലത്തുണ്ടായിരുന്നതും ദൃശ്യങ്ങളിൽ കാണാം.

വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണ (എസ്ഐആർ) നടപടിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ നടത്തിയ പ്രതിഷേധത്തിനിടെ വ്യാപകമായി ആളുകളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനിടെയാണ് വിദ്യാർഥികൾക്കും സ്ത്രീകൾക്കുമെതിരായ അക്രമം നടന്നത്.

പ്രതിഷേധത്തിന്‍റെ ആദ്യദിവസം തന്നെ ദൃശ്യങ്ങൾ സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ പ്രചരിച്ച് തുടങ്ങിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ദേശീയ തലസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥികൾ ഒത്തുചേരാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്. എന്നാൽ, സംഭവത്തിന്‍റെ കൃത്യമായ സ്ഥലം ആദ്യം തിരിച്ചറിയാനായില്ല. പ്രതിഷേധവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ച സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവസ്ഥലം തിരിച്ചറിഞ്ഞതെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പരാതി ലഭിച്ചിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.